എൻ.സി.ഇ.ആർ.ടി പുസ്തകത്തിൽ ‘അടിയന്തരാവസ്ഥ’

ന്യൂഡൽഹി: പ്രഖ്യാപനത്തിന്റെ 51ാം വാർഷിക വേളയിൽ അടിയന്തരാവസ്ഥ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി എൻ.സി.ഇ.ആർ.ടി. ഒമ്പതാം ക്ലാസിൽ സാമൂഹിക ശാസ്ത്ര വിഷയത്തിൽ പുതുതായി തയാറാക്കിയ ‘അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുസ്തകത്തിൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും അതു നേരിടുന്ന വെല്ലുവിളികളും പരിശോധിക്കുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥ കടന്നുവരുന്നത്.

1970കളുടെ തുടക്കത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെ ജനങ്ങൾക്കിടയിൽ അതൃപ്തി വർധിച്ചുവന്ന പശ്ചാത്തലമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നിവയും ഭരണപരാജയവും രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായെന്ന് പുസ്തകം വ്യക്തമാക്കുന്നു.

ഇതിനെത്തുടർന്ന്, 1975 ജൂണിൽ ആഭ്യന്തര അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടി സർക്കാർ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഈ കാലയളവിൽ പൗരന്മാരുടെ ഭൂരിഭാഗം മൗലികാവകാശങ്ങളും റദ്ദാക്കപ്പെടുകയും, മാധ്യമങ്ങൾക്ക് കടുത്ത സെൻസർഷിപ് ഏർപ്പെടുത്തുകയും ചെയ്തു. നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും ജയിലിലടക്കപ്പെട്ടു.

ജനാധിപത്യ സ്ഥാപനങ്ങൾ കടുത്ത സമ്മർദത്തിലാവുകയും പൗരന്മാരുടെ സ്വാതന്ത്ര്യം പൂർണമായി പരിമിതപ്പെടുത്തപ്പെടുകയും ചെയ്തതായും പുസ്തകം ചൂണ്ടിക്കാണിക്കുന്നു. അടിയന്തരാവസ്ഥക്കെതിരായ പ്രസ്ഥാനത്തിൽ ജയപ്രകാശ് നാരായണന്റെ പങ്കിനെ പുസ്തകം എടുത്തുപറയുന്നുണ്ട്.

1977ൽ അടിയന്തരാവസ്ഥ പിൻവലിക്കുകയും പൊതുതെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഇത് വോട്ടവകാശത്തിലൂടെ ജനങ്ങൾക്ക് വിധി രേഖപ്പെടുത്താൻ അവസരമൊരുക്കിയെന്നും പുസ്തകത്തിൽ പറയുന്നു.

Tags:    
News Summary - ‘State of Emergency’ in NCERT book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.