രാഷ്ട്രീയം വിടില്ല; വിരമിക്കൽ വാർത്ത തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന വാര്‍ത്തകളെ തള്ളി കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിതിൻ ഗഡ്കരി രംഗത്ത്​. "രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല" -മഹാരാഷ്ട്രയിലെ രത്നഗിരിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഗഡ്കരി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാവിലെ ഗഡ്കരി മുംബൈ-ഗോവ ഹൈവേയുടെ നിർമാണപ്രവർത്തനങ്ങൾ വ്യോമനിരീക്ഷണം നടത്തി. മഹാരാഷ്ട്രയിലെ വ്യവസായ മന്ത്രി ഉദയ് സാമന്തും ഒപ്പമുണ്ടായിരുന്നുവെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-ഗോവ ദേശീയ പാത 66ന്‍റെ നിർമാണ പ്രവർത്തനങ്ങൾ 2023 ഡിസംബറോടെ പൂർത്തിയാക്കുമെന്നും 2024 ജനുവരിയിൽ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ഗഡ്കരി അറിയിച്ചു. മുംബൈ-ഗോവ ഹൈവേ 10 പാക്കേജുകളായി തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ സിന്ധുദുർഗ് ജില്ലയിലെ രണ്ട് പാക്കേജുകൾ (പി-9, പി-10) ഏകദേശം 99 ശതമാനം പൂർത്തിയായിട്ടുണ്ട്. രത്‌നഗിരി ജില്ലയിൽ ആകെ അഞ്ച് പാക്കേജുകളാണുള്ളത്. ഇതിൽ രണ്ട് പാക്കേജുകളുടെ യഥാക്രമം 92 ശതമാനവും 98 ശതമാനവും പൂർത്തിയായി. ബാക്കി ജോലികൾ പുരോഗമിക്കുകയാണ്. രണ്ട് പാക്കേജുകളുടെ മുടങ്ങിയ പ്രവൃത്തികൾ പുതിയ കരാറുകാരനെ നിയമിച്ച് പുനരാരംഭിച്ചതായും മന്ത്രി അറിയിച്ചു.

Tags:    
News Summary - Will not leave politics; Union Minister Nitin Gadkari denied the news of retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.