ബി.ജെ.പിക്കൊപ്പം പോകില്ല; ദേവഗൗഡയെ തള്ളി ജെ.ഡി.യു കർണാടക പ്രസിഡന്റ്


ബെംഗളൂരു: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള ജനതാദൾ-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ തീരുമാനത്തെ തള്ളി കർണാടക ഘടകം പ്രസിഡന്റ് സി.എം. ഇബ്രാഹിം. പാർട്ടിയിലെ പിളർപ്പിനെക്കുറിച്ച് സൂചന നൽകിയ അദ്ദേഹം തന്റെ വിഭാഗമാണ് യഥാർഥ സെക്കുലർ എന്നും സംസ്ഥാന പ്രസിഡന്റ് എന്ന രീതിയിൽ കർണാടകയിലെ സംഘടനയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം തനിക്കാണെന്നും അവകാശപ്പെട്ടു.

അയൽ സംസ്ഥാനങ്ങളിൽ നിരവധി പേർ പാർട്ടി വിട്ടതിനാൽ ബി.ജെ.പിയുമായുള്ള സഖ്യത്തിന് സമ്മതം നൽകരുതെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം ദേവഗൗഡയോട് അഭ്യർത്ഥിച്ചു. ദേവഗൗഡയും കുമാരസ്വാമിയും ബി.ജെ.പിക്കൊപ്പം പോകാനാണ് തീരുമാനിച്ചതെങ്കിൽ അവർ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി (എസ്) എൻ.ഡി.എയ്‌ക്കൊപ്പം പോകില്ല എന്നതാണ് തങ്ങളുടെ ആദ്യ തീരുമാനം. ഈ സഖ്യത്തിന് സമ്മതം നൽകരുതെന്ന് ദേവഗൗഡയോട് ആവശ്യപ്പെട്ടതാണ് രണ്ടാമത്തെ തീരുമാനമെന്നും പാർട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇബ്രാഹിം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മുൻ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി സെപ്തംബർ 22ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എൻ.ഡി.എയുടെ ഭാഗമാകാൻ തീരുമാനിച്ചിരുന്നു. കോർ കമ്മിറ്റി രൂപീകരിക്കുമെന്നും ശേഷം ദേവഗൗഡയെ കാണുകയും ഇന്നത്തെ യോഗത്തിൽ എടുത്ത തീരുമാനം അറിയിക്കുമെന്നും ഇബ്രാഹിം കൂട്ടിച്ചേർത്തു.

Tags:    
News Summary - Will not go with BJP; JDU Karnataka President rejected Deve Gowda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.