ജയ്പൂർ: 34കാരനായ മലയാളി ബൈക്ക് റൈഡറുടെ ദുരൂഹ മരണത്തിൽ വർഷങ്ങൾക്ക് ശേഷം വഴിത്തിരിവ്. ജയ്സാൽമീറിലെ ഇന്ത്യ-ബാജ മോട്ടോർസ്പോട്സ് റാലിക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു മലയാളി റൈഡറായ അസ്ബാക്ക് മോന്‍റെ മരണം. ഇത് കൊലപാതകമാണെന്നാണ് രാജസ്ഥാൻ പൊലീസിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയും രണ്ട് സുഹൃത്തുക്കളും ബംഗളൂരുവിൽ നിന്നും അറസ്റ്റിലായി. ഭാര്യ സുമേര പർവേസും സുഹൃത്തുകളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ അറസ്റ്റ് വൈകാതെയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.
2018 ആഗസ്റ്റ് 16നാണ് അസ്ബാക്ക് മരണപ്പെട്ടത്. മരുഭൂമിയിൽ ബൈക്കോടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടായെന്നും തുടർന്ന് മരണം സംഭവിച്ചുമെന്നുമായിരുന്നു ഭാര്യയും സുഹൃത്തുക്കളും പറഞ്ഞത്. ഇവരുടെ മൊഴി മുഖവിലക്കെടുത്ത് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചു.
പിന്നീട് ജയ്സാൽമീർ പൊലീസ് സുപ്രണ്ട് അജയ് സിങ് പഴയ കേസ് ഫയലുകൾ നോക്കുന്നതിനിടെ ഈ കേസിൽ ചില പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. മൃതദേഹത്തിൽ പരിക്കേറ്റതിന്‍റെ പാടുകൾ ഉണ്ടായിരുന്നത് പൊലീസിന്‍റെ സംശയം ബലപ്പെടുത്തി. ബൈക്കറുടെ ഭാര്യയുടേയും സുഹൃത്തുക്കളുടേയും ഫോൺ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായ പലതും കണ്ടെത്താൻ കഴിഞ്ഞു. തുടർന്നാണ് കേസിൽ രാജസ്ഥാൻ പൊലീസ് പുനരന്വേഷണം നടത്താൻ തീരുമാനിച്ചത്. കേസിൽ 2020 ഡിസംബറിൽ പുനരന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.