ന്യൂഡൽഹി/ശ്രീനഗർ: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുപിന്നാലെ പ്രതിഷേധവുമായി തെരുവിലിറങ്ങി ആയിരങ്ങൾ. നിരവധി സ്ഥലങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ജമ്മു-കശ്മീർ, ഡൽഹി ജമാമസ്ജിദ്, ഹൈദരാബാദ് മക്ക മസ്ജിദ്, കൊൽക്കത്ത പാർക്ക് സർക്കസ്, ഉത്തർപ്രദേശിലെ സഹാറൻപൂർ, പ്രയാഗ്രാജ് (അലഹബാദ്), മൊറാദാബാദ്, സോളാപൂർ, ഝാർഖണ്ഡിലെ റാഞ്ചി, കൊൽക്കത്ത, ലുധിയാന തുടങ്ങി വിവിധയിടങ്ങളിലാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.

കശ്മീരിൽ വ്യാഴാഴ്ചതന്നെ നാട്ടുകാർ പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരുന്നു. അവർ സുരക്ഷസേനക്കുനേരെ കല്ലെറിയുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി കശ്മീർ, ജമ്മുവിലെ ബാദർവ, കിഷ്ത്വാർ എന്നിവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. പലയിടത്തും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.

ബാദർവയിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഘർഷം തുടങ്ങിയത്. നൂറുകണക്കിന് നാട്ടുകാർ നിരത്തിലിറങ്ങി പ്രതിഷേധിച്ചതോടെ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. നീണ്ട ചർച്ചകൾക്കൊടുവിൽ നാട്ടുകാർ നിരത്തിൽനിന്ന് പിന്മാറി സമീപത്തെ ജുമാമസ്ജിദിൽ കേന്ദ്രീകരിച്ചു. അർധരാത്രിയോടെ പള്ളിവളപ്പിൽനിന്ന് പുറത്തേക്കുവന്ന രണ്ടു വനിതകളെ സുരക്ഷസേന ഉപദ്രവിച്ചുവെന്ന പ്രചാരണം ഉണ്ടായതോടെ കല്ലേറ് തുടങ്ങി. പ്രതിഷേധക്കാർക്കുനേരെ സുരക്ഷസേന ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതകവും പ്രയോഗിച്ചു. വനിതകൾക്കെതിരായ അക്രമം അന്വേഷിക്കാമെന്ന് അഡീ. ഡെപ്യൂട്ടി കമീഷണർ ഉറപ്പുനൽകിയതോടെയാണ് സംഘർഷാവസ്ഥക്ക് അയവുവന്നത്. നേരിയ സംഘർഷമുണ്ടായ ശ്രീനഗറിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷ സന്നാഹമാണ് ഒരുക്കിയത്.

ഡൽഹി ജമാ മസ്ജിദിന്‍റെ പ്രധാന കവാടത്തിനുമുന്നിലുള്ള പടികളിൽ നൂറുകണക്കിന് ആളുകൾ പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും സമാധാനപരമായി പ്രതിഷേധിച്ചു. ഹൈദരാബാദ് മക്ക മസ്ജിദിനുമുന്നിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധം ചാർമിനാർ റോഡിലേക്ക് നീണ്ടു.

സഹാറൻപൂരിലും പ്രയാഗ്രാജിലും റാഞ്ചിയിലും നടന്ന പ്രതിഷേധം പൊലീസുമായുള്ള സംഘർഷത്തിലേക്ക് വഴിമാറി. സഹാറൻപൂരിൽ പ്രതിഷേധത്തിനിടെ ചിലർ തുറന്നുകിടന്ന കടകൾ അടപ്പിച്ചു. പ്രയാഗ്രാജിൽ പ്രതിഷേധക്കാരും പൊലീസുമായി കല്ലേറുണ്ടായി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. റാഞ്ചിയിലുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.

കൊൽക്കത്തയിൽ പാർക്ക് സർക്കസിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു. പഞ്ചാബിൽ ലുധിയാനയിൽ അടക്കം വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാല കാമ്പസിൽ നടന്ന പ്രതിഷേധത്തിൽ വിദ്വേഷ പരാമർശം നടത്തിയ നൂപുർ ശർമയുടെ കോലം കത്തിച്ചു.

Tags:    
News Summary - Widespread protest against blasphemy prophet muhammad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.