ന്യൂഡൽഹി: കേരളത്തിലെ തൃശൂരിലെ 65 കിലോമീറ്റർ ഹൈവേ കടന്നുപോകാൻ 12 മണിക്കൂർ എടുക്കുന്നുവെങ്കിൽ യാത്രക്കാരൻ എന്തിനാണ് 150 രൂപ ടോൾ നൽകേണ്ടതെന്ന് ദേശീയപാത അധികൃതരോട് സുപ്രീംകോടതി. തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് നിർത്തിവച്ച കേരള ഹൈകോടതിയുടെ ഉത്തരവിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ)യും ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറും സമർപ്പിച്ച ഹരജികളിൽ വിധി പറയാൻ മാറ്റിവെക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി, ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമർശം നടത്തിയത്.
‘റോഡിന്റെ ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് പോകാൻ 12 മണിക്കൂർ എടുക്കുന്ന ഒരാൾ എന്തിന് 150 രൂപ നൽകണം? ഒരു മണിക്കൂർ മാത്രം യാത്ര പ്രതീക്ഷിക്കുന്ന ഒരു റോഡിന് 11 മണിക്കൂർ കൂടി അധികം എടുക്കുന്നു. അവർ ടോൾ നൽകേണ്ടിവരുന്നു’- ഈ പാതയിൽ 12 മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കിനെക്കുറിച്ച് വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
‘എല്ലാം ഞങ്ങൾ പരിഗണിക്കും. ഉത്തരവുകൾക്കായി കാത്തിരിക്കുക’ എന്ന് എൻ.എച്ച്.എ.ഐക്കു വേണ്ടി ഹാജറായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെയും കൺസെഷനറിക്കു വേണ്ടി ഹാജറായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനെയും കേട്ട ശേഷം ബെഞ്ച് പറഞ്ഞു. തടസ്സത്തിന് കാരണമായ അപകടം മേത്ത വാദിച്ചതുപോലെ വെറും ‘ദൈവത്തിന്റെ പ്രവൃത്തി’യല്ല, മറിച്ച് ഒരു ലോറി കുഴിയിലേക്ക് മറിഞ്ഞതാണ് കാരണമെന്ന് ജസ്റ്റിസ് ചന്ദ്രൻ പറഞ്ഞു.
ദേശീയപാത 544ലെ ഇടപ്പള്ളി-മണ്ണുത്തി പാതയുടെ മോശം അവസ്ഥയും നടന്നുകൊണ്ടിരിക്കുന്ന ജോലികൾ മൂലമുണ്ടായ കടുത്ത ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തിവെക്കാൻ ആഗസ്റ്റ് 6ന് കേരള ഹൈകോടതി ഉത്തരവിട്ടിരുന്നു. വാഹന ഗതാഗതയോഗ്യമായ ഒരു റോഡ് ഉറപ്പാക്കേണ്ടത് എൻഎച്ച്എഐയുടെ ഉത്തരവാദിത്തമാണെന്ന് ഹൈകോടതിയിലെ ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.