ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്നിൽ നിന്നും ഇന്ത്യയിലേക്കെത്തിയ വിദ്യാർഥികൾ
ന്യൂഡൽഹി: 2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ സംഘർഷ മേഖലയിൽ നിന്ന് ഏകദേശം 20,000ത്തോളം ഇന്ത്യൻ പൗരന്മാരെയാണ് 'ഓപറേഷൻ ഗംഗ' എന്ന പേരിൽ ഇന്ത്യ ഒഴിപ്പിച്ചത്. അതിൽ കൂടുതലും യുക്രെയ്നിലേക്ക് മെഡിക്കൽ ബിരുദത്തിന് പോയ വിദ്യാർഥികളായിരുന്നു. ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങൾ വഴി രാജ്യത്തിനും പ്രധാനമന്ത്രിക്കും നിരവധി വിദ്യാർഥികൾ നന്ദി അറിയിച്ചിരുന്നു. എന്നാൽ, പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുമ്പോഴും ഇറാനിൽ നിന്നും യുക്രെയ്ൻ മാതൃക പിന്തുടർന്നുള്ള ഒഴിപ്പിക്കൽ ഇന്ത്യക്ക് അത്ര എളുപ്പമല്ല. ഭൂമിശാസ്ത്രപരവും വ്യോമാതിർത്തിയിലുള്ള നിയന്ത്രണങ്ങൾ മുതൽ നയതന്ത്രപരമായ കാര്യങ്ങളുമാണ് ഒഴിപ്പിക്കൽ നേരിടുന്ന പ്രധാന വെല്ലുവിളികൾ.
ഇറാനിൽ വിദ്യാർഥികൾ അടക്കം ഏകദേശം 10000ത്തിലധികം ഇന്ത്യൻ പൗരന്മാരുണ്ട്. അതിൽ 1500 മുതൽ 2000 വരെ വിദ്യാർഥികളും 6000ലധികം പേർ മറ്റ് തൊഴിൽ മേഖലകളിലായും ജോലി ചെയ്യുന്നുണ്ട്. ഇതിനുപുറമെ ഇന്ത്യൻ നാവികരും മറ്റ് ഔദ്യോഗിക ജോലികളിൽ പ്രവർത്തിക്കുന്നവരുമുണ്ട്. ഇവരെ ഒഴിപ്പിക്കാനുള്ള പ്രക്രിയ ഇന്ത്യൻ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിനെക്കാളും ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നേരിടുന്ന വലിയ വെല്ലുവിളിയാണ് അയൽരാജ്യങ്ങളുമായുള്ള ബന്ധം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ 14 ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ ഉൾപ്പെടെ ഓപറേഷൻ ഗംഗയുടെ കീഴിൽ 90ഓളം വിമാനങ്ങളിലാണ് ഇന്ത്യക്കാരെ ഒഴിപ്പിച്ചത്. ഹംഗറി, റൊമാനിയ, മോൾഡോവ, സ്ലൊവാക്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യൻ സർക്കാറിനുള്ള ബന്ധം ഈ യാത്ര എളുപ്പമാക്കി.
എന്നാൽ, ഇറാന്റെ കിഴക്കൻ അയൽരാജ്യങ്ങളായ പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലൂടെ പൗരന്മാരെ ഒഴിപ്പിക്കൽ വളരെ ദുഷ്കരമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ-അഫ്ഗാനിസ്താൻ ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അഫ്ഗാൻ വഴിയുള്ള ഒഴിപ്പിക്കൽ വെല്ലുവിളിയാണ്. പാക്സിതാനുമായുള്ള ബന്ധം വഷളായതിനാൽ പാക് വ്യോമാതിർത്തി വഴി പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനും ബുദ്ധിമുട്ടാണ്.
റഷ്യ-യുക്രെയ്ൻ സംഘർഷ സമയത്തും യുക്രെയ്നിലെ റോഡ്, റെയിൽ ഗതാഗതം പ്രവർത്തനക്ഷമമായതിനാൽ തന്നെ പൗരന്മാർക്ക് സുരക്ഷിതമായി പോളണ്ട്, ഹംഗറി അതിർത്തികളിലേക്ക് എത്തിച്ചേരാൻ എളുപ്പമായിരുന്നു. എന്നാൽ, ഇറാന്റെ കാര്യത്തിൽ റോഡ്, റെയിൽ മാർഗങ്ങൾ വിശ്വസനീയമല്ല.
ഇറാൻ-ഇസ്രായേൽ സംഘർഷം തുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരോട് തെഹ്റാനിൽ നിന്നും പുറത്തുകടന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം ഏകദേശം 600-700 പേർ മധ്യ ഇറാനിലെ സുരക്ഷിത നഗരമായ ക്വോമിലേക്ക് പോയിരുന്നു. ഒഴിപ്പിക്കൽ നടപടി ആരംഭിച്ചതിന്റെ ഭാഗമായി 110 പേരുടെ ആദ്യ ബാച്ചിന്റെ വിമാനം ഇന്ന് അർമേനിയയിൽ നിന്നും പുറപ്പെടും.
സംഘർഷം തുടരുന്നതിനാൽ ഇറാനിയൻ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കരമാർഗം മാത്രമേ ഇറാൻ വിടാൻ പൗരന്മാർക്ക് സാധിക്കു. അർമേനിയ, അസർബൈജാൻ, തുർക്മെനിസ്താൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിവയുമായി കര അതിർത്തികൾ പങ്കിടുന്ന രാജ്യമാണ് ഇറാൻ. ഓപറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വ്യോമാതിർത്തി നൽകിയിട്ടില്ല.
സമീപ സംഘർഷത്തിൽ അസർബൈജാൻ പാകിസ്താനെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിനാൽ ആ രാജ്യവും സുരക്ഷിതമല്ല. അതിനാൽ തന്നെ ഏറ്റവും സുരക്ഷിതമായി ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തേക്ക് തിരിച്ചെത്താനുള്ള ഏക മാർഗമാണ് അർമേനിയ. അർമേനിയ കൂടാതെ തുർക്മെനിസ്താനും മറ്റൊരു സാധ്യതയായി കേന്ദ്ര സർക്കാർ പരിഗണിക്കും. ഇത് സാധ്യമായാൽ ഇന്ത്യക്കാരുടെ അടുത്ത ബാച്ച് പുറപ്പെടുന്നത് തുർക്മെനിസ്താൻ തലസ്ഥാനമായ അഷ്ഗാബത്തിൽ നിന്നാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.