ന്യൂഡൽഹി: ഭർത്താവിൽ നിന്ന് 12 കോടി രൂപയും ഫ്ലാറ്റും ബി.എം.ഡബ്യു കാറും ജീവനാംശമായി തേടിയ യുവതിക്കെതിരെ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് യുവതിയോട് ചോദ്യങ്ങൾ ഉന്നയിച്ചത്. വിദ്യാഭ്യാസമുള്ള നിങ്ങൾ എന്തിനാണ് ഭർത്താവിന്റെ പണത്തിനായി കാത്തിരിക്കുന്നതെന്നും സ്വന്തമായി സമ്പാദിച്ചു കൂടെയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
നിങ്ങളുടെ വിവാഹം 18 മാസം മാത്രമാണ് നീണ്ടു നിന്നത്. ഇപ്പോൾ നിങ്ങൾ ബി.എം.ഡബ്യു കാറും ഒരു കോടി രൂപയും വേണമെന്ന് ആവശ്യപ്പെടുന്നു. എം.ബി.എ ഉൾപ്പടെയുള്ള യോഗ്യതകൾ നിങ്ങൾക്കുണ്ട്. വിദ്യാഭ്യാസമുള്ളത് കൊണ്ട് ഭർത്തിന്റെ പണത്തെ ആശ്രയിക്കാതെ സ്വന്തമായി സമ്പാദിക്കുവെന്ന് കോടതി നിർദേശിച്ചു.
ഭർത്താവ് സമ്പന്നനാണെന്നും അതിനാൽ ജീവനാംശത്തിന് അർഹതയുണ്ടെന്നുമായിരുന്നു കോടതി ചോദ്യത്തോടുള്ള യുവതിയുടെ വാദം. എന്നാൽ, ഭർത്താവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മാധവി ദിവാൻ ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ യുവതിക്ക് അവകാശമില്ലെന്ന് നിരീക്ഷിച്ചു. മുംബൈയിലെ ഫ്ലാറ്റിലാണ് യുവതി ഇപ്പോൾ താമസിക്കുന്നത്. ഫ്ലാറ്റിൽ രണ്ട് പാർക്കിങ് ലോട്ടുകളുമുണ്ട്. അതിൽ നിന്നും അവർക്ക് വരുമാനവും ലഭിക്കുമെന്ന് ഭർത്താവിന്റെ അഭിഭാഷകൻ പറഞ്ഞു.
എന്നാൽ ഭർത്താവിന് രണ്ടര കോടി രൂപ ശമ്പളമുണ്ടെന്നും ഒരു കോടി രൂപ ബോണസായി ലഭിക്കുമെന്ന കാര്യവും ഭാര്യക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത് രേഖപ്പെടുത്തിയ ചീഫ ജസ്റ്റിസ് ഇരുവരോടും വരുമാനം സംബന്ധിച്ച കണക്കുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.