'ഇരയാകുന്ന സ്ത്രീകളെ കുറ്റിക്കാടുകളിലും വയലുകളിലുമാണ് കണ്ടെത്താറ്'; ഹാഥറസ് പെൺകുട്ടിയെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്

ലഖ്നോ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്. യു.പി ബരാബാങ്കിയിലെ ബി.ജെ.പി നേതാവ് രഞ്ജിത് ബഹദൂർ ശ്രീവാസ്തവയാണ് അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഹാഥറസിലെ പെൺകുട്ടി സ്വന്തം താൽപര്യപ്രകാരമാണ് വയലിലേക്ക് പോയതെന്ന് ഇയാൾ പറയുന്നു.

യുവാവിനെ വയലിലേക്ക് വിളിച്ചിട്ടുണ്ടാവുക ആ പെൺകുട്ടിയാണ്. അവർ തമ്മിൽ ബന്ധമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലും വാർത്താ ചാനലുകളിലും ഇക്കാര്യം പറയുന്നുണ്ടെന്നും രഞ്ജിത് ബഹദൂർ പറഞ്ഞു.

എല്ലായ്പ്പോഴും ഇങ്ങനെയാണ് സംഭവിക്കാറ്. ഇത്തരത്തിൽ മരിക്കുന്ന പെൺകുട്ടികളെ ഇങ്ങനെയുള്ള ചില സ്ഥലങ്ങളിലാണ് കണ്ടെത്താറ്. കരിമ്പിൻ പാടങ്ങളിലും ചോളപ്പാടങ്ങളിലും കുറ്റിക്കാടുകളിലും കുഴികളിലും വനങ്ങളിലുമൊക്കെയാണ് ഇത്തരക്കാരെ മരിച്ച നിലയിൽ കാണാറ്. ഇവയാണ് ഇത്തരക്കാർക്ക് മരിക്കാനുള്ള സ്ഥലം. ആരും അവരെ അങ്ങോട്ട് വലിച്ച് കൊണ്ടുപോകുന്നതല്ല. ഇത് ദേശീയ തലത്തിൽ അന്വേഷിക്കേണ്ട കാര്യമാണെന്നും രഞ്ജിത് ബഹദൂർ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത നാല് പേരെയും മോചിപ്പിക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു. നാല് പേരും നിരപരാധികളാണെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാവും. അവരെ ഇപ്പോള്‍ മോചിപ്പിച്ചില്ലെങ്കില്‍ അവന്‍ മാനസികമായി തകരും. അവര്‍ക്ക് നഷ്ടമാകുന്ന യുവത്വം ആര് മടക്കിക്കൊടുക്കുമെന്നും ബി.ജെ.പി നേതാവ് ചോദിക്കുന്നു.

രഞ്ജിത് ബഹദൂറിന്‍റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. നേരത്തെയും നിരവധി വിവാദ പ്രസ്താവനകൾ ഇയാൾ നടത്തിയിട്ടുണ്ട്. 44 ക്രിമിനല്‍ കേസുകളിൽ പ്രതിയാണ് രഞ്ജിത് ബഹാദൂര്‍. ഇയാള്‍ ഒരു പാര്‍ട്ടിയിലും നേതാവായിരിക്കാന്‍ യോഗ്യനല്ലെന്നും നോട്ടീസ് അയക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചു. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.