അസദുദ്ദീൻ ഉവൈസി
ന്യൂഡൽഹി: അഞ്ച് വർഷമോ അതിൽകൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാർക്ക് ഒരു മാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന വിവാദബില്ലിനെ എതിർത്ത് എ.ഐ.എ.എം അസദുദ്ദീൻ ഉവൈസി. ബില്ലിനെ താൻ എതിർക്കുകയാണെന്ന് ഉവൈസി പറഞ്ഞു. രാജ്യത്തെ ഒരു പൊലീസ് സ്റ്റേറ്റാക്കി മാറ്റാനുള്ള നീക്കമാണ് ബില്ലിലൂടെ നടത്തുന്നതെന്ന് ഉവൈസി പറഞ്ഞു.
ജമ്മുകശ്മീർ പുനസംഘടന ബിൽ, ഗവൺമെന്റ് യുണിയൻ ടെറിറ്ററി ബിൽ, ഭരണഘടന ഭേദഗതി ബിൽ എന്നീ മൂന്ന് ബില്ലുകളേയും എതിർക്കുകയാണെന്ന് ഉവൈസി പറഞ്ഞു. ഇത് ഭരണഘടന വിരുദ്ധമായ ബില്ലാണ്. പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യും. അധികാരം എക്കാലവും ഉണ്ടാകില്ലെന്ന കാര്യം ബി.ജെ.പി മറക്കുകയാണെന്നും ഉവൈസി പറഞ്ഞു.
ജയിലിലായാൽ പ്രധാനമന്ത്രി മുതൽ മന്ത്രിമാർക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാക്കു നേരെ എം.പിമാർ ബിൽ കീറിയെറിഞ്ഞിരുന്നു. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ലോക്സഭയിൽ ഉയർന്നത്. ബിൽ അവതരണത്തെ തുടർന്ന് നാടകീയ രംഗങ്ങളാണ് ലോക്സഭയിൽ അരങ്ങേറിയത്. പ്രതിഷേധം ഒരുഘട്ടത്തിൽ കൈയാങ്കളി വരെ എത്തി. ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു.
ബില്ലിനെ ഒരുതരത്തിലും പിന്തുണക്കില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചത്. അവതരിപ്പിക്കാൻ പോകുന്ന ബില്ലിന്റെ കോപ്പി പോലും നൽകിയില്ലെന്നും ചർച്ച പോലും ചെയ്യാതെ എന്തിനാണിത്ര തിടുക്കപ്പെട്ട് ബില്ല് പാസാക്കുന്നു എന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. ഇതിന് ഭരണഘടനയുടെ ധാർമികത ഉയർത്തിപ്പിടിക്കാനാണ് ബില്ല് അവതരിപ്പിക്കുന്നത് എന്ന് അമിത് ഷാ മറുപടി പറഞ്ഞു. ബില്ല് അവതരിപ്പിച്ചതിനു പിന്നാലെ 21 അംഗ ജോയിന്റ് പാർലമെന്ററി സമിതിക്ക് വിട്ടു. സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.