ഇൻഡിഗോ പ്രതിസന്ധിക്ക് ഉത്തരവാദിയാര്?- ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി രൂക്ഷ പ്രതിസന്ധി സൃഷ്ടിച്ചതിൽ ആരാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കണമെന്ന് ഡൽഹി ഹൈകോടതി. വിഷയത്തിൽ ഡിസംബർ 20നകം മറുപടി നൽകണമെന്ന് കേന്ദ്രത്തോട് കോടതി നിർദേശിച്ചു.

ഇൻഡിഗോ പ്രതിസന്ധിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി മറുപടി തേടിയത്. കഴിഞ്ഞ ഒമ്പത് ദിവസമായി 4,600 സർവിസുകളാണ് റദ്ദാക്കിയതെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് മാത്രമല്ല സമ്പദ്‍വ്യസ്ഥക്ക് നേരിട്ട നഷ്‍ടവും വലുതാണെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

യാത്രക്കാർക്ക് നഷ്‍ടപരിഹാരം നൽകാനും പ്രതിസന്ധിക്കിടെ ഇൻഡിഗോ ജീവനക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറുന്നുവെന്ന് ഉറപ്പുവരുത്താനും എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി ആരാഞ്ഞു. വിമാനക്കമ്പനിക്ക് വീഴ്ച സംഭവിച്ചപ്പോൾ യാത്രാ നിരക്ക് യുക്തിക്ക് നിരക്കാത്ത വിധം കുതിച്ചുയർന്ന കാര്യവും എടുത്തുപറഞ്ഞ കോടതി കേന്ദ്ര സർക്കാർ നിസ്സഹായമായിരുന്നോ എന്ന് ചോദിച്ചു.

വ്യോമയാന മന്ത്രാലയവും ഡി.ജി.സി.എയും സ്വീകരിച്ച നടപടികൾ അംഗീകരിക്കുന്നു. എന്നാൽ, ഇത്തരമൊരു സാഹചര്യം ലക്ഷക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോകുന്ന തരത്തിൽ വഷളാകാൻ എങ്ങനെ അനുവദിച്ചു എന്നതാണ് പ്രസക്തമായ ചോദ്യം.

ഡി.ജി.സി.എയുടെ ചട്ടങ്ങളും നഷ്‍ടപരിഹാരം നൽകാനുള്ള വ്യവസ്ഥകളും പാലിക്കാൻ കോടതി ഇൻഡിഗോക്ക് നിർദേശം നൽകി. ചട്ടങ്ങൾ പാലിക്കാത്ത വിമാനക്കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാറിനും ഡി.ജി.സി.എക്കും അധികാരമുണ്ട്. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്താതെ സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടരണമെന്നും കോടതി ഓർമിപ്പിച്ചു.

ഡി.ജി.സി.എയിലെ പകുതി തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു

ന്യൂഡൽഹി: വ്യോമയാന നിരീക്ഷണ അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ (ഡി.ജി.സി.എ) ആകെയുള്ള 1630 തസ്തികകളിൽ പകുതിയോളം ഒഴിഞ്ഞുകിടക്കുന്നെന്ന് കേന്ദ്രം. രാജ്യസഭയിൽ ജെബി മേത്തറിന്റെ ചോദ്യത്തിന് വ്യോമയാന മന്ത്രി റാം മോഹൻ നായ്ഡുവാണ് ഇക്കാര്യം അറിയിച്ചത്.

ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഡി.ജി.സി.എയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചിട്ടില്ല. എന്നാൽ, അപേക്ഷകരുടെ കുറവും നിയമനം ലഭിച്ചവർ ജോലിയിൽ ചേരാതിരിക്കുന്നതും പോലുള്ള അടിയന്തര ഘട്ടങ്ങളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താറുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Who is responsible for the Indigo crisis? - Delhi High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.