‘നമ്മുടെ കുഞ്ഞുങ്ങൾ ആഘോഷിക്കുമ്പോൾ അവിടെ കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നു’; പുതുവർഷവേളയിൽ ഗസ്സയിലെ സഹോദരങ്ങളെ ഓർക്കണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പുതുവർഷപ്പിറവി ആഘോഷിക്കുന്ന വേളയിൽ, ഗസ്സയിൽ തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനും സ്വാതന്ത്ര്യത്തിനുംമേൽ അങ്ങേയറ്റത്തെ അന്യായവും മനുഷ്യത്വരഹിതവുമായ ആക്രമണം നേരിടുന്ന സഹോദരങ്ങളെക്കൂടി ഓർക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നമ്മുടെ കുഞ്ഞുങ്ങൾ ഇവിടെ പുതുവർഷമെത്തുന്നത് വർണാഭമായി ആഘോഷിക്കുമ്പോൾ ഗസ്സയിലെ കുഞ്ഞുങ്ങൾ നിഷ്കരുണം കൊല്ലപ്പെടുകയാണെന്നും പ്രിയങ്ക ഓർമിപ്പിച്ചു.

ലോകത്തിന്റെ കാവൽക്കാരെന്നു നടിക്കുന്ന നേതാക്കന്മാർ ഈ ക്രൂരത കണ്ടില്ലെന്ന് നടിച്ച് ഒന്നും മിണ്ടാതെ മുമ്പോട്ടുപോകുന്ന വേളയിലും അക്രമം അവസാനിപ്പിക്കണമെന്ന് ധീരമായി ആവശ്യപ്പെടുന്ന കോടിക്കണക്കിന് സാധാരണ മനുഷ്യരിലാണ് നാളെയുടെ പ്രതീക്ഷയെന്നും അവർ കുറിച്ചു. സമൂഹ മാധ്യമങ്ങളിൽ എഴുതിയ കുറിപ്പിൽ, അക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്ന ആ ദശലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാളാകാനും അവർ ആഹ്വാനം ചെയ്തു.

ഗസ്സയിൽനിന്നുള്ള ഫോട്ടോ ജേണലിസ്റ്റ് വിസാം നാസർ തയാറാക്കിയ വിഡിയോയും കുറിപ്പിനൊപ്പം പ്രിയങ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ആകാശത്തുവിരിയുന്ന വർണവെടിക്കെട്ടിനൊപ്പം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ബോംബിങ്ങിൽ കൂറ്റൻ കെട്ടിടങ്ങളെ അഗ്നിനാളങ്ങൾ വിഴുങ്ങുന്ന ദൃശ്യവും ചേർത്താണ് വിഡിയോ.

പ്രിയങ്കയുടെ കുറിപ്പിന്റെ പൂർണരൂപം...

നമ്മൾ പുതുവർഷപ്പിറവി ആഘോഷിക്കുകയും ആ സ്നേഹവും സമാധാനവും ചിരിയും നന്മയും നമ്മുടെ ജീവിതത്തിൽ നിറയണമെന്ന് പരസ്പരം ആശംസിക്കുകയും ചെയ്യുന്ന വേളയിൽ ഗസ്സയിലെ സഹോദരീസഹോദരന്മാരെക്കൂടി ഓർക്കേണ്ടതുണ്ട്. അവരുടെ ജീവിക്കാനുള്ള അവകാശവും അന്തസ്സും സ്വാതന്ത്ര്യവും അങ്ങേയറ്റത്തെ അന്യായവും മനുഷ്യത്വരഹിതവുമായ ആക്രമണം നേരിടുന്ന കാലമാണിത്.

നമ്മുടെ കുഞ്ഞുങ്ങൾ ആഘോഷിക്കുമ്പോൾ, അവരുടെ കുഞ്ഞുങ്ങൾ നിഷ്കരുണം കൊല്ലപ്പെടുകയാണ്. ലോകത്തിലെ പേരുകേട്ട നേതാക്കന്മാർ നിശബ്ദരായി എല്ലാം വീക്ഷിക്കുക മാത്രം ചെയ്യുന്നു. അധികാരത്തിനും അത്യാഗ്രഹത്തിനും വേണ്ടിയുള്ള തങ്ങളുടെ ആഗ്രഹവുമായി, ഈ നരനായാട്ടിൽ അസ്വസ്ഥകളൊന്നുമില്ലാതെ മുന്നോട്ട് പോകുകയും ചെയ്യുന്നു.

എന്നിട്ടും ഗസ്സയിൽ നടക്കുന്ന ഭീകരമായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയർത്തുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരുണ്ട് ഈ ഭൂമിയിൽ. ധീരഹൃദയരായ ആ മനുഷ്യർ നമുക്ക് പുതിയ നാളെയുടെ പ്രതീക്ഷ നൽകുന്നവരാണ്. അവരിൽ ഒരാളാകൂ...

Tags:    
News Summary - ‘While our children celebrate, their children are murdered in Gaza’ -Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.