ഇന്ത്യൻ പൗരൻമാരെ ചൈന തട്ടിക്കൊണ്ടുപോകുന്നു, പ്രധാനമന്ത്രി നിശബ്ദൻ -രാഹുൽ ഗാന്ധി

രാജ്യത്തെ അതിർത്തി പ്രദേശങ്ങളിൽ ചൈന നടപ്പാക്കുന്ന കൈയ്യേറ്റങ്ങൾക്കെതിരെ നിഷ്ക്രിയത്വം പാലിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ മണ്ണ് കൈയ്യടക്കിയിരുന്ന ചൈന ഇപ്പോൾ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇപ്പോഴും 'അച്ഛേ ദിൻ'നായി നിശബ്ദമായി കാത്തിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് രാഹുലിന്റെ പരാമർശം.

ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിനോടൊപ്പം അരുണാചൽ പ്രദേശിലെ ബി.ജെ.പി എം.പി തപീർ ഗാവോവിന്റെ റിപ്പോർട്ടും രാഹുൽ പങ്കുവച്ചിരുന്നു. ചൈന ഇന്ത്യൻ പൗരന്മാരെ നിരന്തരം തട്ടിക്കൊണ്ടുപോകുകയാണെന്നും, കേന്ദ്ര സർക്കാർ ഈ വിഷയത്തിന് പരിഹാരം കാണണമെന്നുമുള്ള തപീർ ഗവോവിന്റെ പരാമർശമാണ് രാഹുൽ പങ്കുവച്ചത്.

അരുണാചൽ പ്രദേശിലെ ഗ്രാമവാസികളിൽ ഭൂരിഭാഗവും ഇന്ത്യൻ അതിർത്തിക്കുള്ളിലെ വന മേഖലകളിൽ വേട്ടയാടാനും ഔഷധങ്ങൾ ശേഖരിക്കാനും പോകാറുണ്ട്. എന്നാൽ ചൈനീസ് സൈന്യം ഇവരെ തട്ടിക്കൊണ്ടുപോകുകയും അവരുടെ മേഖലകളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ഈ പ്രവണത അവസാനിക്കണം. ചൈനയുമായുള്ള അതിർത്തി തർക്കങ്ങൽ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ അനിവാര്യമാണ്. സർക്കാർ ഇടപെട്ട് വിഷയത്തിൽ സമുചിതമായ നടപടി സ്വീകരിക്കണമെന്നും ബുധനാഴ്ച്ച ലോക്സഭാ എം.പി കൂടിയായ തപീർ ഗാവോ പറഞ്ഞിരുന്നു.

ഇന്ത്യൻ അതിർത്തിയിൽ നിന്നും 17കാരനായ മിറം തരണിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്കകമാണ് ഇരുവരുടെയും പരാമർശം. ജനുവരി 18നാണ് മിറമിനെ ലുങ്താ ജോർ പ്രദേശത്തു നിന്നും ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്. സുഹൃത്തായ ജോണി യൈയിങിനോടൊപ്പം വേട്ടക്ക് പോകുന്നതിനിടെയാണ് മിറമിനെ സൈന്യം തട്ടിക്കൊണ്ടുപോയത്. സൈന്യത്തിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ട യൈയിങാണ് മിറമിനെ തട്ടിക്കൊണ്ടുപോയ വിവരം അധികൃതരെ അറിയിച്ചത്.

ജനുവരി 27ന് അഞ്ചാവ് ജില്ലയിലെ കിബിതു വാചാ-ദമൈ പോയിന്റിൽ വച്ചാണ് ചൈനീസ് സൈന്യം യുവാവിനെ ഇന്ത്യക്ക് കൈമാറിയത്. മെഡിക്കൽ പരിശോധനകൾ ഉൾപ്പെടെ എല്ലാ നടപടികളും പൂർത്തിയാക്കിയ ഷമാണ് യുവാവിനെ ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യയിൽ തിരികെയെത്തിയ യുവാവ് ചൈനീസ് സൈന്യത്തിൽ നിന്നും പീഡനങ്ങൾ നേരിട്ടതായി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - While China is kidnapping our citizens, Modiji is silently waiting for 'Acche Din': Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.