'വൈദികനും ഇമാമും എവിടെ? എല്ലാവരും വേണ്ടതല്ലേ'; ഹൈന്ദവ രീതിയിൽ റോഡ് പ്രവൃത്തിയുടെ ഭൂമിപൂജ തടഞ്ഞ് ഡി.എം.കെ എം.പി

ചെന്നൈ: റോഡ് പ്രവൃത്തിയുടെ ഭൂമിപൂജ ഹൈന്ദവ ആചാരപ്രകാരം നടത്തുന്നത് തടഞ്ഞ് ഡി.എം.കെ എം.പി ഡോ. എസ്. സെന്തിൽകുമാർ. ഇത്തരം ചടങ്ങുകൾക്ക് എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികളെ ക്ഷണിക്കണമെന്നും, അതാണ് സർക്കാറിന്‍റെ നയമെന്നും വ്യക്തമാക്കിയാണ് എം.പി പൂജ തടഞ്ഞത്. തമിഴ്നാട്ടിലെ ധർമപുരിയിലാണ് സംഭവം.

റോഡ് പ്രവൃത്തിയുടെ ഭൂമി പൂജ ഹൈന്ദവ രീതിയിലായിരുന്നു ഒരുക്കിയത്. പൂജാരിയും സ്ഥലത്തെത്തിയിരുന്നു. എന്നാൽ, പ്രവൃത്തി ഉദ്ഘാടനം ചെയ്യാനെത്തിയ എം.പി, ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍റെ മാത്രം ആചാരമായി ചടങ്ങ് നടത്തരുതെന്ന് നിർദേശിക്കുകയായിരുന്നു. സർക്കാറിന്‍റെ നയം എന്താണെന്ന് നിങ്ങൾക്കറിയില്ലേയെന്ന് എം.പി ഉദ്യോഗസ്ഥരോട് ആരായുകയും ചെയ്തു.

കാവി വസ്ത്രം ധരിച്ച ഹിന്ദു പുരോഹിതനെ ചൂണ്ടിയാണ് മറ്റ് മതങ്ങളുടെ ആളുകളെവിടെയെന്ന് എം.പി ചോദിച്ചത്. 'ഇതെന്താണ്? എവിടെ മറ്റ് മതക്കാർ. ക്രിസ്ത്യൻ, മുസ്ലിം എവിടെ. ചർച്ചിലെ ഫാദറിനെ ക്ഷണിക്കൂ, പള്ളിയിലെ ഇമാമിനെ ക്ഷണിക്കൂ, മതമില്ലാത്തരെയും ക്ഷണിക്കൂ, നിരീശ്വരവാദികളായ ദ്രാവിഡർ കഴകം പ്രതിനിധികളെയും ക്ഷണിക്കൂ' -എം.പി പറഞ്ഞു. 


ഇത് ദ്രാവിഡ മാതൃകയിലുള്ള സർക്കാറാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള എല്ലാതരം ആളുകളുടെയും സർക്കാറാണിത്. പൂജ നടത്തുന്നതിന് ഞാൻ എതിരല്ല. എന്നാൽ എല്ലാവരെയും ഉൾക്കൊള്ളണമെന്ന് മാത്രം -എം.പി വ്യക്തമാക്കി. പൂജക്കുള്ള തയാറെടുപ്പുകളെല്ലാം എടുത്തുമാറ്റാനും എം.പി നിർദേശിച്ചു. 


ഭൂമി പൂജ നടത്താതെ തന്നെ അദ്ദേഹം പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പൂജ നടക്കുന്ന സ്ഥലത്തെ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിന്‍റെ വിഡിയോ എം.പി ട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് എം.പിയുടെ നടപടിയെ പ്രകീർത്തിച്ച് രംഗത്തെത്തിയത്. 

Tags:    
News Summary - Where is the Church priest and Imam?’ asks DMK MP at govt event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.