ലാൽ ബഹദൂർ ശാസ്ത്രിയും അദ്ദേഹത്തിന്റെ കാറും
മുംബൈ: രണ്ടു വർഷം എം.എൽ.എയോ എം.പിയോ എന്തിനേറെ തദ്ദേശ സ്ഥാപനത്തിലോ, വല്ല ബോർഡിലോ അംഗമായി ഇരുന്നാൽ പോലും തലമുറകൾക്ക് ജീവിക്കാനുള്ള സമ്പാദ്യം വാരിക്കൂട്ടുന്ന രാഷ്ട്രീയക്കാർ വാഴുന്ന കാലമാണിത്. അധികാരവും, ഭരണ ഇടനാഴികളും കോടികൾ സമ്പാദിക്കാനുള്ള എളുപ്പവഴിയാക്കിമാറ്റുന്ന കാലത്ത് രാഷ്ട്രീയ നേതാക്കൾക്കും പൊതുപ്രവർത്തകർക്കും മാതൃകയാക്കാവുന്ന മുൻ പ്രധാനമന്ത്രിയുടെ ലളിത ജീവിതം ലോകത്തെ ഓർമിപ്പിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി.
ലോകം മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ച ഒക്ടോബർ രണ്ടിന് തന്നെ പിറന്നാൾ ആഘോഷിക്കുന്ന മുൻ പ്രധാനമന്ത്രി ലാൽ ബഹദുർ ശാസ്ത്രിയുടെ ജീവിതമാണ് രാജ്ദീപ് പുതിയ കാലത്തെ രാഷ്ട്രീയക്കാർക്കും, പൊതുപ്രവർത്തകർക്കുമുള്ള മാതൃകയായി ഓർമിപ്പിക്കുന്നത്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു അന്ന് ലാൽബഹദൂർ ശാസ്ത്രി. ജവഹർലാൽനെഹ്റുവിന്റെ മരണത്തെ തുടർന്ന് ഗുൽസാരിലാൽ നന്ദ 13 ദിവസം ഇടക്കാല പ്രധാനമന്ത്രിയായ ശേഷമാണ് ശാസ്ത്രി പദവിയിലെത്തുന്നത്. മിതഭാഷിയും ലളിതജീവിതം കൊണ്ടും മാതൃകാ പുരുഷനായ രാഷ്ട്രീയക്കാരനായ ശാസ്ത്രി 1964ൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. മന്ത്രിയും പ്രധാനമന്ത്രിയും ഉൾപ്പെടെ പദവികൾ വഹിക്കുമ്പോൾ അനുവദിക്കുന്ന സൗകര്യങ്ങൾ കുടംബത്തിന്റെയോ, മറ്റു സ്വകാര്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നത് ശാസ്ത്രിക്ക് ഇഷ്ടമായിരുന്നില്ല. ഔദ്യോഗിക കാർ അടിയന്തിര ഘട്ടങ്ങളിൽ പോലും അദ്ദേഹം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് വിലക്കി.
ഈ സാഹചര്യത്തിലാണ് സ്വകാര്യ ആവശ്യത്തിന് സ്വന്തമായൊരു കാർ വാങ്ങാൻ കുടുംബം തീരുമാനിച്ചത്.
ഈ സംഭവം മകനും മുൻ മന്ത്രിയുമായ അനിൽ ശാസ്ത്രി ഓർക്കുന്നത് ഇങ്ങനെ....
‘കാർ വാങ്ങാൻ തീരുമാനിച്ചതോടെ, പ്രധാനമന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റായ വി.എസ് വെങ്കിട്ടരാമൻ വഴി പുതിയ കാറിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. വാങ്ങാൻ തീരുമാനിച്ച ഫിയറ്റ് കാറിന് വില 12,000 രൂപ. പക്ഷേ, ആവശ്യക്കാരനായ പ്രധാനമന്ത്രിയുടെ അക്കൗണ്ടിലുള്ളത് 7000 രൂപ മാത്രം. ബാക്കി തുക ബാങ്ക് വായ്പ എടുക്കാമെന്നായി തീരുമാനം. അങ്ങനെ, പഞ്ചാബ് നാഷണൽ ബാങ്കിൽ 5000 രൂപ വായ്പ അപേക്ഷിച്ചു. പ്രധാനമന്ത്രിയുടെ ലോൺ അപേക്ഷ കിട്ടിയ അതേദിവസം തന്നെ പാസാക്കി. അതും അദ്ദേഹത്തിന് ഇഷ്ടമായില്ല. ബാങ്കിൽ വിളിച്ച് എല്ലാ അപേക്ഷകൾക്കും ഇങ്ങനെ തന്നെ തീർപ്പുകൽപിക്കാറുണ്ടോ എന്നും അന്വേഷിച്ചു. അങ്ങനെ കുടുംബത്തിന് സ്വന്തമായൊരു പുതിയ കാർ ലഭ്യമായി. എന്നാൽ, വായ്പ അടച്ചു തീരും മുമ്പേ ലാൽബഹദൂർ ശാസ്ത്രി 1966 ജനുവരിയിൽ താഷ്കന്റിൽ വെച്ച് മരണപ്പെട്ടു’.
ബാങ്കിന് കടക്കാരനായി കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മരണമെന്ന് അനിൽ ശാസ്ത്രി ഓർക്കുന്നു -‘ഒടുവിൽ പെൻഷൻ തുകയിൽ നിന്നും അമ്മ ലളിത ശാസ്ത്രി ആ തുക അടച്ചു തീർത്ത് മുൻപ്രധാനമന്ത്രിയുടെ കടബാധ്യത തീർത്തു’.
ഫിയറ്റ് 1964 മോഡൽ ക്രീം നിറത്തിലെ കാറ് ഇന്നും ന്യൂഡൽഹിയിലെ മോത്തിലാൽ നെഹ്റു മാർഗിലുള്ള ലാൽബഹദൂർ ശാസ്ത്രി മെമ്മോറിയിലിൽ സൂക്ഷിച്ചിരിക്കുന്നു. രാഷ്ട്രീയക്കാരുടെ ലളിതവും സത്യസന്ധവുമായ ജീവിതത്തിന്റെ അടയാളം കൂടിയാണ് ഡി.എൽ.ഇ സിക്സ് നമ്പറിലെ ആ കാർ. 2005ൽ പ്രധാനമന്ത്രി മൻമോഹൻ സിങ് മ്യൂസിയം സന്ദർശിച്ചപ്പോൾ ആ കാറിന് മുന്നിൽ നിന്നും പകർത്തിയ ചിത്രവും ചരിത്രത്തിലെ പ്രധാന്യം അടയാളപ്പെടുത്തുന്നു.
ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനത്തിലെ ചിന്തയെന്ന നിലയിലാണ് രാജ്ദീപ് സർദേശായി ആ മാതൃകാ ജീവിതം ഓർമിപ്പിച്ചത്.
‘സ്വന്തമായൊരു കാർ വാങ്ങാൻ 5000 രൂപ വായ്പയെടുത്ത പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി. അദ്ദേഹത്തിന്റെ മരണശേഷം പെൻഷൻ തുക ഉപയോഗിച്ച് ഭാര്യ ലളിത ശാസ്ത്രി ആ കടം തിരിച്ചടച്ചു. ഇന്ന് ശാസ്ത്രി ജിയുടെ ജന്മദിനത്തിൽ ആദരാഞ്ജലി അർപ്പിക്കുന്ന എത്ര നേതാക്കൾക്ക് അവരുടെ ആസ്തികൾ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമാണെന്ന് അവകാശപ്പെടാൻ കഴിയും? ശാസ്ത്രിയുടെ മൂല്യങ്ങളെ മാത്രമല്ല, ആ മനുഷ്യനെയും സ്വീകരിക്കണം’ -രാജ്ദീപ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.