ന്യൂഡൽഹി: രാജ്യസുരക്ഷയേക്കാൾ വലുതല്ല വ്യാപാരമെന്ന് കോൺഗ്രസ്. ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നിൽ അമേരിക്കയാണെന്നും ഇതിൽ വ്യാപാര കാര്യങ്ങളുണ്ടെന്നും യൂ.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതു സംബന്ധിച്ചാണ് കോൺഗ്രസ് ചോദ്യമുന്നയിച്ചത്. പാർട്ടിയുടെ അടിയന്തര നേതൃയോഗശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശും പവൻ ഖേരയും വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ ഉന്നയിച്ചു.
വെടി നിർത്തൽ ആര് ചോദിച്ചതാണ് എന്നതല്ല വിഷയമെന്ന് ജയ്റാം പറഞ്ഞു. ആര് പ്രഖ്യാപിച്ചുവെന്നും എവിടെ പ്രഖ്യാപിച്ചുവെന്നുമാണ് വിഷയം. കുറെ ദിവസമായി കോൺഗ്രസ് ചോദിച്ചുകൊണ്ടിരിക്കുകയാണിത്. ഏറ്റവുമൊടുവിൽ ട്രംപ് സൗദി അറേബ്യയിൽ പോയപ്പോഴും അവിടെ നിന്ന് ഖത്തറിലേക്ക് പോകുമ്പോഴും ഇതാവർത്തിച്ചിരിക്കുന്നു. ഇന്ത്യയിലും പാകിസ്താനിലുമല്ലാതെ ചർച്ച നടക്കണം എന്ന് അമേരിക്ക പറയുന്നു. വ്യാപാരം ചൂണ്ടിക്കാട്ടിയാണ് വെടി നിർത്തലുണ്ടാക്കിയതെന്നും പറയുന്നു.
ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് 25ന് പ്രധാനമന്ത്രി എൻ.ഡിഎ മുഖ്യമന്ത്രിമാരെ മാത്രം വിളിച്ച് യോഗം നടത്തുകയാണ്. എന്തുകൊണ്ട് മറ്റു മുഖ്യമന്ത്രിമാരെ വിളിക്കുന്നില്ല? അവരെന്ത് തെറ്റ് ചെയ്തു? ഇത് രാജ്യസുരക്ഷയുടെ രാഷ്ട്രീയവത്കരണമല്ലെങ്കിൽ മറ്റെന്താണ്? ഓപറേഷൻ സിന്ദൂറിന്റെ ബ്രാൻഡ് നെയിം കിട്ടാൻ ഒരു കോർപറേറ്റ് കമ്പനി വന്നതു പോലെ ഇപ്പോൾ ഒരു പാർട്ടി വന്നതായി ജയ്റാം രമേശ് കുറ്റപ്പെടുത്തി. ‘ഓപറേഷൻ സിന്ദൂറി’നെ രാഷ്ട്രീയവത്കരിക്കുന്നു. ഇത് ഒരു പാർട്ടിയുടെ ബ്രാൻഡ് അല്ല. രാജ്യത്തിന്റെ ബ്രാൻഡ് ആണ്. എന്നിട്ടും പാർട്ടിയുടെയും വ്യക്തിയുടെയും ബ്രാൻഡ് ആക്കി മാറ്റുന്നതെന്തിനാണ് -ജയ്റാം രമേശ് ചോദിച്ചു.
സംഘർഷ വേളയിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഐക്യത്തെ കുറിച്ച് സംസാരിക്കുന്നു. എന്നിട്ടും പ്രധാനമന്ത്രിയും വിദേശ മന്ത്രിയും രാജ്യത്തെതയും പാർലമെന്റിനെയും വിശ്വാസത്തിലെടുക്കുന്നില്ല. പഹൽഗാമിലെ ഇന്റലിജൻസ്, സുരക്ഷാ വീഴ്ചകളെ കുറിച്ചും കോൺഗ്രസ് ചർച്ച ചെയ്തു. ഇതിന് ഉത്തരവാദികൾ ആരാണെന്ന് പുറത്തുവരേണ്ടതുണ്ട്. അതിനാൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവ കക്ഷി യോഗം വിളിക്കണം. പ്രത്യേക പാർലമെന്റ് സമ്മേളനവും ചേരണമെന്നും കോൺഗ്രസ് ആവർത്തിച്ചു.
1962 ഒക്ടോബർ 19ന് ഇന്ത്യ - ചൈന യുദ്ധം തുടങ്ങിയപ്പോൾ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോട് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഹേം ബഹുവ, എച്ച്.വി കമ്മത്ത്, ജനസംഘ് യുവ നേതാവും പാർലമെന്റ് അംഗവുമായ അടൽ ബിഹാരി വാജ്പേയി എന്നിവരാണ് ആവശ്യപ്പെട്ടതെന്ന് ജയറാം രമേശ് ഓർമിപ്പിച്ചു. അങ്ങിനെ നവമ്പർ എട്ടിന് തന്നെ പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തു. രഹസ്യ പാർലമെന്റ് വിളിക്കാൻ ഒരു എം.പി കത്തെഴുതിയപ്പോൾ അങ്ങിനെയല്ല ചെയ്യേണ്ടതെന്നും രാജ്യസുരക്ഷ അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അധികാരമുണ്ടെന്നുമാണ് പ്രധാനമന്ത്രി നെഹ്റു പറഞ്ഞത്. - ജയറാം രമേശ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.