പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: ബി.ജെ.പി എം.എൽ.എ യുടെ വാഹനത്തിന് നേരെ ആക്രമണം; കാർ തകർത്തു

കൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ അസൻസോളിൽ സംഘർഷം. ബി.ജെ.പി എം.എൽ.എയും അസൻസോൾ സൗത്തിലെ സ്ഥാനാർത്ഥിയുമായ അഗ്നിമിത്ര പോളിന്റെ വാഹനത്തിന് നേരെ ആക്രമണം. ഉച്ചയോടെ അസൻസോളിലെ റഹ്മത്ത് നഗർ പ്രദേശത്താണ് സംഭവം നടന്നത്.

ഒരു പോളിംഗ് ബൂത്തിലെ വോട്ടിംഗ് നില വിലയിരുത്തിയ ശേഷം മടങ്ങുകയായിരുന്നു അഗ്നിമിത്ര പോൾ. ബൂത്തിന് പുറത്തെത്തിയ ഉടൻ ഒരു സംഘം ആളുകൾ എം.എൽ.എയുടെ കാറിന് നേരെ കല്ലെറിയാൻ തുടങ്ങി. വലിയ കല്ലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കാറിന്റെ പിൻവശത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണ സമയത്ത് കാറിന്റെ മുൻസീറ്റിലായിരുന്ന അഗ്നിമിത്ര പോൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന അവരുടെ സുരക്ഷ ഉദ്യോഗസ്ഥനും പേഴ്സണൽ സെക്രട്ടറിക്കും കല്ലേറിൽ നിസാര പരിക്കേറ്റു. തകർന്ന ചില്ലുകൾ തറച്ചാണ് ഇവർക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് അഗ്നിമിത്ര പോൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ബി.ജെ.പി പ്രവർത്തകരെയും സ്ഥാനാർത്ഥികളെയും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്നും മാധ്യമങ്ങളോട് പറഞ്ഞു. 

ആക്രമണത്തെത്തുടർന്ന് അസൻസോൾ മേഖലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ പോലീസ് സേനയെയും കേന്ദ്ര സേനയെയും വിന്യസിച്ചു. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും വോട്ടെടുപ്പ് തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

152 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി  സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - West Bengal Elections: BJP MLA's convoy attacked; car destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.