'സി.ജെ.പിക്ക് ഹാൾ നൽകിയാൽ തലകീഴായി കെട്ടിത്തൂക്കുമെന്ന് ഭീഷണി'; യോഗം തടയാൻ ബി.ജെ.പിയുടെ ശ്രമമെന്ന് അഭിജിത് ദീപ്‌കെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകരുടെ യോഗം ഡൽഹിയിൽ തടയാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. യോഗത്തിന് ഹാൾ അനുവദിച്ചാൽ തലകീഴായി കെട്ടിത്തൂക്കുമെന്ന് കാണിച്ച് ഹാൾ ഉടമകൾക്ക് ഭീഷണി സന്ദേശം ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ഭീഷണികളിലൂടെ യുവാക്കളെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും 'ജന്തർമന്തർ' പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഡൽഹിയിൽ സി.ജെ.പി വളണ്ടിയർമാരുടെ യോഗം നടത്താനാണ് പാർട്ടി തീരുമാനിച്ചിരുന്നത്. എന്നാൽ, പരിപാടിക്കായി ഹാൾ വിട്ടുനൽകാൻ ഉടമകൾ തയ്യാറായില്ല. മുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമുണ്ടെന്നാണ് ഇവർ വിശദീകരിച്ചത്. ഒടുവിൽ വളരെ പ്രയാസപ്പെട്ട് ഒരു ഹാൾ കണ്ടെത്തിയെങ്കിലും പരിപാടിയുടെ അന്ന് രാവിലെ ഉടമകൾക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. സി.ജെ.പി യോഗം നടത്താൻ അനുവദിച്ചാൽ തലകീഴായി കെട്ടിത്തൂക്കുമെന്നായിരുന്നു ഭീഷണിയെന്ന് അഭിജിത് ദീപ്കെ പറഞ്ഞു.

ഇതിന് പിന്നിൽ ബി.ജെ.പിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം വിലകുറഞ്ഞ പ്രവൃത്തികളിലൂടെ രാജ്യത്തെ യുവാക്കളെ ഭയപ്പെടുത്താമെന്നാണ് ബി.ജെ.പി കരുതുന്നതെങ്കിൽ അവർക്ക് തെറ്റി. അവരുടെ ഈ നീക്കങ്ങൾ വ്യക്തമാക്കുന്നത് അവർ യുവാക്കളെ എത്രത്തോളം ഭയപ്പെടുന്നുവെന്നതാണെന്നും അദ്ദേഹം തുറന്നടിച്ചു.

സി.ജെ.പിയുടെ പ്രക്ഷോഭ പരിപാടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 'ജന്തർമന്തർ സീസൺ-2' ഉടൻ ആരംഭിക്കുമെന്ന് ദീപ്കെ അറിയിച്ചു. ജന്തർമന്തർ സമരത്തിന്റെ രണ്ടാം ഭാഗം എപ്പോഴാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ചോദിക്കുന്നുണ്ടെന്നും, പുതിയ പ്രക്ഷോഭം ഉടൻ തന്നെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രക്ഷോഭത്തിന്റെ തിയതിയോ പ്രധാന ആവശ്യങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഇതിനുപുറമെ, ഉത്തർപ്രദേശിലെ ഹമീർപൂരിൽ റോഡ് സൗകര്യത്തിനായി സ്കൂൾ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെയും അദ്ദേഹം പിന്തുണച്ചു. പതിറ്റാണ്ടുകൾക്ക് മുൻപേ പരിഹരിക്കേണ്ട അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടിയാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തെരുവിലിറങ്ങേണ്ടി വന്നതെന്ന് ദീപ്കെ ചൂണ്ടിക്കാട്ടി.

ഡൽഹി പൊലീസിനെതിരെ സി.ജെ.പി വക്താവ് അശുതോഷ് രങ്കയും രംഗത്തെത്തി. പൊലീസ് ജനങ്ങൾക്ക് വേണ്ടിയാണോ അതോ ബി.ജെ.പിക്ക് വേണ്ടിയാണോ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തലസ്ഥാനത്ത് ക്രമസമാധാനം പൂർണമായി തകർന്നുവെന്നും ഡൽഹി പൊലീസ് പൂർണമായും ബി.ജെ.പിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അശുതോഷ് രങ്ക കുറ്റപ്പെടുത്തി.

Tags:    
News Summary - Cjp Alleges BJP Attempting to Block Delhi Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.