പ്രിയങ്കയുടെ വിശേഷങ്ങൾ തിരക്കി മോദി; പിന്നാലെ ഖാർഗെയുടെ ആ മാസ് ട്രോൾ...

ന്യൂഡൽഹി: രാഷ്ട്രീയ വൈരങ്ങൾ മാറ്റിവെച്ച് ഭരണ-പ്രതിപക്ഷ നേതാക്കൾ ഒന്നിച്ചുകൂടിയ ഡൽഹിയിലെ വിവാഹസൽക്കാര ചടങ്ങ് ദേശീയ രാഷ്ട്രീയത്തിന്റെശ്രദ്ധാകേന്ദ്രമായി. എൻ.സി.പി (എസ്.പി) എം.പി സുപ്രിയ സുലേയുടെ മകൾ രേവതിയുടെ വിവാഹത്തോടനുബന്ധിച്ച് ശരദ് പവാറിന്റെ വസതിയിൽ നടന്ന സൽക്കാര ചടങ്ങിലാണ് ദേശീയ രാഷ്ട്രീയത്തിലെ മുൻനിര നേതാക്കൾ ഒരേ ഫ്രെയിമിൽ എത്തിയത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും തമ്മിൽ നടന്ന സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ചടങ്ങിനിടയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയോട് സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാഷണത്തിന് തുടക്കമിട്ടത്. ‘പ്രിയങ്ക എങ്ങനെയിരിക്കുന്നു’ എന്ന് മോദി ചോദിച്ചപ്പോൾ, ‘ഞാൻ സുഖമായിരിക്കുന്നു സർ, താങ്കൾ എങ്ങനെയരിക്കുന്നു?’ എന്ന് പ്രിയങ്ക മറുപടി നൽകി. ഇതിന് മറുപടിയായി ‘ഞാൻ എപ്പോഴത്തെയും പോലെ തന്നെയുണ്ട്’ എന്ന് പ്രധാനമന്ത്രി പറഞ്ഞത് സമീപത്തുണ്ടായിരുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയിൽ ചിരിപടർത്തി.

തുടർന്ന് ഖർഗെ പ്രധാനമന്ത്രിയോട് തമാശയായി, ‘ഭായ് സാബ്, ആപ് തോഡ ബദൽ ഗയേ ഹോ’ (സഹോദരാ, താങ്കൾ അൽപം മാറിപ്പോയിരിക്കുന്നു) എന്ന് പറയുകയായിരുന്നു. എന്നാൽ തന്റെ പരാമർശത്തെക്കുറിച്ച് അദ്ദേഹം കൂടുതൽ വിശദീകരിച്ചില്ല. ഖർഗെയുടെ ഈ തമാശ കേട്ട് കൗതുകത്തോടെ ‘ഓഹ് റിയലി?’ എന്ന് ചോദിച്ച പ്രധാനമന്ത്രിയും മറ്റ് നേതാക്കളും പൊട്ടിച്ചിരിച്ചു. ഈ സമയം രാഹുൽ ഗാന്ധിയും പുഞ്ചിരിയോടെ ഒപ്പമുണ്ടായിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഖാർഗെയുടെ പരാമർശത്തിന് പിന്നിലെ അർഥം തേടുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. കഴിഞ്ഞ കുറേ ആഴ്ചകളായി ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് യുവാക്കളിലേക്ക് (ജെൻ സി) എത്താൻ പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ അർധരാത്രിയോടെ റീലുകൾ പങ്കുവെക്കുന്ന ശീലത്തെക്കുറിച്ചാണ് ഖർഗെ ഉദ്ദേശിച്ചതെന്നാണ് പലരുടെയും നിഗമനം.

പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തുടർച്ചയായ പ്രക്ഷോഭങ്ങളെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധേർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ മാസം രാജി വെക്കാൻ നിർബന്ധിതനായിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിമാരോടും ജൻ സി വിഭാഗവുമായി സോഷ്യൽ മീഡിയയിലൂടെ അടുത്തിടപഴകാൻ മോദി നിർദ്ദേശം നൽകിയതും ഇൻസ്റ്റാഗ്രാമിൽ റീലുകൾ സജീവമാക്കിയതും.

വിവാഹവേദിയിലെ സൗഹൃദ അന്തരീക്ഷത്തിനിടയിലും മറ്റൊരു പ്രധാന കാഴ്ചയും ശ്രദ്ധയാകർഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻ.സി.പി (എസ്.പി) നേതാവ് ശരദ് പവാറും തമ്മിൽ ഗൗരവകരമായ ചർച്ചയിൽ ഏർപ്പെടുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എൻ.സി.പി (എസ്.പി) ബി.ജെ.പിയുമായി കൂടുതൽ അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച. എന്നാൽ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് ചർച്ച ചെയ്തതെന്ന് സുപ്രിയ സുലേ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇത്തരം സൗഹൃദ സംഭാഷണങ്ങൾക്കൊന്നും കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയിലെ രാഷ്ട്രീയ സംഘർഷങ്ങളെ മയപ്പെടുത്താൻ സാധിച്ചിട്ടില്ല. ജൂലൈ 20ലെ വിദ്യാർഥികളുടെ ‘സൻസദ് ചലോ’ മാർച്ചിലുണ്ടായ പൊലീസിന്റെ ക്രൂരമായ നടപടികൾക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്.

വിദ്യാർഥികൾക്ക് നേരെ വെടിവെപ്പ് നടത്താൻ ഉത്തരവിട്ടത് ആരാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുന്നുണ്ട്. പാർലമെന്റ് സ്തംഭനം ഒഴിവാക്കാൻ ചർച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ടെങ്കിലും, എഫ്.സി.ആർ.എ ബില്ലും അയോധ്യ രാമക്ഷേത്ര ഫണ്ട് തിരിമറി വിവാദവും ഇരുപക്ഷവും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളായി നിലനിൽക്കുന്നു.

Tags:    
News Summary - Kharge's Joke To PM Modi Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.