മമത ബാനർജി

ബിർഭും തീപിടിത്തം ബംഗാൾ നിയമസഭയിൽ ഉന്നയിച്ച് ബി.ജെ.പി: മുഖ്യമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യം

കൊൽക്കത്ത: പ്രതിപക്ഷ പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാൾ നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ സെഷൻ സമാപിച്ചു. ബിർഭും ജില്ലയിലെ രാംപുർഹട്ടിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിക്കാനിടയായ സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധിച്ചത്. പ്രതിഷേധ സൂചകമായി ബി.ജെ.പി അംഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ശൂന്യവേളയിൽ ബി.ജെ.പി എം.എൽ.എ ശങ്കർ ഘോഷ് വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും ചോദ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ബിമൻ ബാനർജി അനുമതി നിഷേധിച്ചു. തുടർന്ന് 40 എം.എൽ.എമാരും മുദ്രാവാക്യം വിളിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തുടർച്ചയായി സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്ന് ബി.ജെ.പി അംഗം മാധ്യമങ്ങളോട് പറഞ്ഞു. ഭരണകക്ഷിയിലെ പ്രതിനിധികൾ പോലും കൊല്ലപ്പെടുകയാണെന്നും ക്രമസമാധാന വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി നിശബ്ദയാണെന്നും എം.എൽ.എ ആരോപിച്ചു.

സഭയുടെ ആദ്യ സെഷൻ തടസപ്പെടുത്തിയില്ലെന്നും വിദ്യാഭ്യാസം, ജലസേചനം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്തതായും പ്രതിപക്ഷം അവകാശപ്പെട്ടു. എന്നാൽ, ഭരണകക്ഷി പ്രവർത്തകരുടെ തീവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ട വാർത്ത അറിഞ്ഞതിനെ തുടർന്ന് ‍ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. വിഷയത്തിൽ മുഖ്യമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സഭ ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

Tags:    
News Summary - West Bengal: BJP MLAs walk out of assembly, demand CM Mamata Banerjee's statement on Birbhum fire deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.