മുംബൈ/ ന്യൂഡൽഹി: ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമുണ്ടായ കനത്ത മഴയിൽ മുംബൈയിലെ വിവിധയിടങ്ങൾ വെള്ളത്തിലായി. റോഡുകളും റെയിൽപാതകളും മുങ്ങിയതോടെ ഗതാഗതം താറുമാറായി. മുംബൈയിലും സമീപ പ്രദേശത്തും ഇന്നും ഇടിയോടു കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളായ കുർള, സിയോൻ, ദാദർ, പരേൽ എന്നിവിടങ്ങളെല്ലാം വെള്ളത്തിനടിയിലായി.
മുംബൈ നരിമാൻ പോയിന്‍റിൽ ഇന്ന് രാവിലെ ആറ് മുതൽ ഏഴുമണി വരെ 40 മില്ലിമീറ്റർ മഴ പെയ്തു. ഗ്രാന്‍റ് റോഡ് (36 എം.എം), കൊളാബ (21 എം.എം) എന്നിവിടങ്ങളിലും കനത്ത മഴയാണ്. റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതോടെ സബർബൻ ട്രെയിൻ സർവീസുകൾ വൈകുന്നുണ്ട്. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റം വിമാന സർവീസുകളെയും ബാധിച്ചു. സമയക്രമത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് സ്പൈസ് ജെറ്റും എയർ ഇന്ത്യയും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഞായറാഴ്ചയാണ് മഹാരാഷ്ട്രയിൽ കാലവർഷമെത്തിയത്. മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും നേരത്തെ മഴയെത്തുന്നത്. ശനിയാഴ്ച കേരളത്തിൽ എത്തിയതിനു പിന്നാലെ കാലവർഷപാത്തി വടക്കോട്ട് വ്യാപിക്കുകയായിരുന്നു. കർണാടകയിലും മഴ ശക്തമാണ്. അടുത്ത ദിവസങ്ങളിൽ തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലും വിവിധയിടങ്ങളിൽ മഴയുണ്ടാകും.
തലസ്ഥാന നഗരമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയിലും കാറ്റിലും തെരുവുകൾ വെള്ളത്തിനടിയിലായി. നിരവധി മരങ്ങൾ കടപുഴകി വീണു. 200ഓളം വിമാന സർവീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചു. മോത്തി ബാഗ്, മിന്റോ റോഡ്, ഡൽഹി കന്റോൺമെന്റ്, ദീൻ ദയാൽ ഉപാധ്യായ മാർഗ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. പ്രദേശത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.