ഉമർ ഖാലിദ്, ഷർജീൽ ഇമാം
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലടച്ച വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദിന്‍റെയും ഷർജീൽ ഇമാമിന്‍റെയും ജാമ്യാപേക്ഷയെ എതിർത്തുള്ള വാദം നീട്ടിക്കൊണ്ടുപോകുന്ന ഡൽഹി പൊലീസിന് മുന്നറിയിപ്പുമായി ഡൽഹി ഹൈകോടതി. നിങ്ങൾക്ക് അനന്തമായി സമയം അനുവദിക്കാനാകില്ലെന്നും ഈയൊരു രീതി അവസാനിപ്പിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് നവീൻ ചൗള, ശാലീന്ദർ കൗർ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയാണ് കേൾക്കുന്നതെന്ന ധാരണയുണ്ടാകണമെന്നും ബെഞ്ച് പറഞ്ഞു.
ജാമ്യാപേക്ഷയിൽ ഉമർ ഖാലിദിന്‍റെയും ഷർജീൽ ഇമാമിന്‍റെയും വാദം കോടതി കേട്ടിരുന്നു. ജനുവരി ഒമ്പതിനാണ് നേരത്തെ കേസ് പരിഗണിച്ചത്. വാദം എത്രയും വേഗം പൂർത്തിയാക്കാൻ പൊലീസിനായി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി അന്നുതന്നെ ആവശ്യപ്പെട്ടിരുന്നു. ഇരുവർക്കും കേസിലുള്ള പങ്കിനെ കുറിച്ച് ചാർട്ട് നൽകാൻ കോടതി പൊലീസിനോട് നിർദേശിച്ചു. എന്നാൽ, രണ്ട് ദിവസം കൂടി ഇതിന് ആവശ്യമുണ്ടെന്ന് ഇന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് വാദം അനന്തമായി നീട്ടാനാവില്ലെന്ന് കോടതി പൊലീസിന് മുന്നറിയിപ്പ് നൽകിയത്. കേസ് വീണ്ടും ഫെബ്രുവരി മൂന്നിന് പരിഗണിക്കാനായി മാറ്റി.
2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരന്മാരെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. 2020 സെപ്റ്റംബർ 14നാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. ജാമ്യം തേടി നിരവധി തവണ ഖാലിദ് കോടതികളെ സമീപിച്ചെങ്കിലും പുറത്തേക്കുള്ള വഴി തുറന്നില്ല. അതിനിടെ, ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഡിസംബർ അവസാനം വിചാരണ കോടതി ഉമറിന് ജാമ്യം അനുവദിച്ചിരുന്നു. ജനുവരി മൂന്ന് വരെയായിരുന്നു ജാമ്യം നൽകിയത്.
2019 ഡിസംബര്‍ 13ന് ജാമിഅ സർവകലാശാലക്കു സമീപമുള്ള ജാമിഅ നഗറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ 2020 ജനുവരി 25നാണ് ഷർജീൽ ഇമാം അറസ്റ്റിലായത്. അന്നുമുതൽ ജയിലിലാണ്. പിന്നീട്, യു.എ.പി.എ ചുമത്തുകയായിരുന്നു. നിരവധി തവണ ജാമ്യഹരജി ഫയൽ ചെയ്തിട്ടും പരിഗണിക്കാൻ ഡൽഹി ഹൈകോടതി തയാറായിട്ടില്ല. തുടർന്ന് സുപ്രീംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തിരുന്നു. ജാമ്യഹരജി പരിഗണിക്കുന്നത് വേഗത്തിലാക്കാൻ സുപ്രീംകോടതി ഡൽഹി ഹൈകോടതിക്ക് നിർദേശം നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.