ബംഗളൂരു: കർണാടകയിലെ ഓരോ എം.എൽ.എക്കും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരത്തിന്റെ അഞ്ചുടിക്കറ്റുകൾ വീതം നൽകണമെന്ന് കർണാടക എം.എൽ.എ. തങ്ങൾ വി.ഐ.പികളാണെന്നും ടിക്കറ്റിനായി വരിനിൽക്കാൻ കഴിയില്ലെന്നും കർണാടക ക്രിക്കറ്റ് അസോസിയേഷനോട് ഹുൻഗുണ്ടിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എയായ വിജയാനന്ദ് കശപനവർ പറഞ്ഞു. സംസ്ഥാന ക്രിക്കറ്റ് ബോഡി നിയമസഭാംഗങ്ങൾക്ക് പ്രത്യേക ഇരിപ്പിട ക്രമീകരണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2026ലെ ഐ.പി.എൽ പതിപ്പ് ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സ് ഹെദരാബാദും തമ്മിലുള്ള ആദ്യ മത്സരത്തോടെ ആരംഭിക്കും.
‘ഈ മാസം 28ന് ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കും. എം.എൽ.എമാർക്കോ മന്ത്രിമാർക്കോ അവരുടെ കുടുംബത്തിനോ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ടിക്കറ്റ് നൽകിയിട്ടില്ല. അവർ സർക്കാരിൽനിന്ന് എല്ലാ സൗകര്യങ്ങളും കൈപ്പറ്റുന്നുണ്ട്. അവർക്ക് എല്ലാ സുരക്ഷയും നൽകുന്നു. പക്ഷേ അവർ എം.എൽ.എമാരെ ബഹുമാനിക്കുന്നില്ല.’ - വിജയാനന്ദ് കശപനവർ പറഞ്ഞു. ഓൺലൈൻ ടിക്കറ്റ് വിൽപ്പന കരിഞ്ചന്തയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ടിക്കറ്റിനായി ഞങ്ങൾ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് നിയമസഭയിൽ വിഷയം ഉന്നയിച്ചിട്ടുണ്ട്. ഞാൻ അതിനെ പിന്തുണക്കുയും ചെയ്തിരുന്നു. ആവശ്യമായ നടപടിയെടുക്കാനും എം.എൽ.എമാർക്ക് കുറഞ്ഞത് അഞ്ചു ടിക്കറ്റുകളെങ്കിലും നൽകാനും സ്പീക്കറോട് അഭ്യർഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക ക്രിക്കറ്റ് അസോസിയേഷൻ മറ്റുള്ള ആരെയും ശ്രദ്ധിക്കാറില്ലെന്നും അവർ പണം സ്വരൂപിച്ച് ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കെ.എസ്.സി.എയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വിജയാനന്ദ് പറഞ്ഞു.
അതേസമയം, കെ.എസ്.സി.എയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് ആർ. അശോകയും രംഗത്തെത്തി. പ്രതിമാസം 1600 രൂപക്ക് ഞങ്ങൾ അവർക്ക് 16.32 ഏക്കർ ഭൂമി നൽകി. പക്ഷേ അവർ മത്സര ടിക്കറ്റുകൾക്ക് ആയിരക്കണക്കിന് രൂപ ഈടാക്കുന്നു. അവരുടെ കൈവശം കോടിക്കണക്കിന് രൂപയുണ്ട്. അവർ നമ്മളെ കൊള്ളയടിക്കുന്നു. അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും ആർ. അശോക പറഞ്ഞു.
വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് നിയമസഭ സ്പീക്കർ യു.ടി. ഖാദർ വിഷയത്തിൽ പ്രതികരിച്ചു. എം.എൽ.എമാർ ഉന്നയിക്കുന്ന വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും കെ.എസ്.സി.എയുമായി ചർച്ച നടത്തണമെന്നും എം.എൽ.എമാർക്ക് കുറഞ്ഞത് നാലു ടിക്കറ്റുകളെങ്കിലും നൽകാൻ നടപടി സ്വീകരിക്കണമെന്നും സ്പീക്കർ പറഞ്ഞു. കെ.എസ്.സി.എ അധികൃതരുമായി വിഷയം ചർച്ച ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സഭക്ക് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.