ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ നിന്ന്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ജന്തർ മന്തറിൽ തുടങ്ങിയ പ്രതിഷേധത്തിന് പിന്തുണയേറുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ന്യൂഡൽഹി: വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്കുനേരെ കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ നടന്ന പൊലീസ് അതിക്രമങ്ങളിൽ സമയബന്ധിതമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് അഭ്യർഥിച്ച് ഡൽഹി എയിംസിലെ റസിഡൻറ് ഡോക്ടർമാരുടെ അസോസിയേഷൻ (ആർ.ഡി.എ).
ആശുപത്രി വിടാൻ തയാറായിട്ടും ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ സഫ്ദർജങ് ആശുപത്രിയിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചില്ലെന്ന റിപ്പോർട്ടുകളിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. റിപ്പോർട്ട് ശരിയാണെങ്കിൽ രോഗിയുടെ അവകാശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയരുന്നതെന്നും ആർ.ഡി.എ വ്യക്തമാക്കി.
വിദ്യാർഥികൾക്കുനേരെ പൊലീസ് നടത്തിയ കിരാതമായ നടപടികൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും പ്രതിപക്ഷ എം.പിമാരും സ്പീക്കർ ഓം ബിർളയെ കണ്ടു. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയമാണെന്നും അവർ കുറ്റപ്പെടുത്തി. ശിവസേന (യു.ബി.ടി) എം.പി അരവിന്ദ് സാവന്ത്, സമാജ് വാദി പാർട്ടി എം.പി ധർമേന്ദ്ര യാദവ്, ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
ഇന്ത്യയിലെ യുവാക്കളുടെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റ് തയാറല്ലെങ്കിൽ പിന്നെ എന്തിനാണീ സംവിധാനമെന്നും എക്സിൽ കുറിച്ച സന്ദേശത്തിൽ രാഹുൽ ഗാന്ധി ചോദിച്ചു. ഇത്തരം കുഴിച്ചുമൂടലുകളെ പ്രതിപക്ഷം അനുവദിക്കില്ല. വിദ്യാർഥികളുടെ ശബ്ദം നഗരങ്ങളിലും പാർലമെന്റിലും അലയടിക്കുന്നുവെന്ന് ഉറപ്പാക്കും. വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പാർലമെന്റിൽ മറുപടി പറയണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും രാഹുൽ പറഞ്ഞു.
സി.ജെ.പി പ്രതിഷേധങ്ങൾക്കിടെ റസിഡന്റ് ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നവർക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയ നടപടിയെ ശക്തമായി അപലപിക്കുന്നതായി ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (ഫൈമ) അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും പ്രസ്താവനയിൽ ഫൈമ അഭ്യർഥിച്ചു.
പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അർപ്പിക്കാൻ ജന്തർ മന്തർ സന്ദർശിച്ച് ഇടതു എം.പിമാർ. സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്, എ.എ. റഹിം, വി. ശിവദാസൻ, സി.പി.ഐ രാജ്യസഭ എം.പി പി. സന്തോഷ് കുമാർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
കോക്രോച്ച് ജനത പാർട്ടി പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായവരെ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ഡൽഹി ഡി.സി.പിക്ക് കത്തെഴുതി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷൻ സന്ദർശിച്ച അദ്ദേഹം ഡൽഹി പൊലീസിന് മുമ്പാകെയും ഇതേ ആവശ്യം ഉന്നയിച്ചു.
മുംബൈ: ഡൽഹി തെരുവിലെ ‘പാറ്റകളുടെ’ സമരം വിപ്ലവത്തിന്റെ തുടക്കമെന്ന് ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ മുഖപത്രം ‘സാമ്ന’. മോദി സർക്കാറിന്റെ അഹന്തയും അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുന്നതും ‘ദശലക്ഷക്കണക്കിനുള്ള പാറ്റകളെ’ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചെന്ന് പത്രത്തിന്റെ മുഖപ്രസംഗം കുറ്റപ്പെടുത്തി. ഇത്രമാത്രം സംരക്ഷിക്കപ്പെടാൻ ആരാണ് ധർമേന്ദ്ര പ്രധാനെന്ന് ചോദിക്കുന്ന ലേഖനം, അദ്ദേഹം ആരായാലും ഇന്ത്യൻ യുവതയുടെ ഭാവി നശിപ്പിച്ച ആളാണെന്നും നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ചാർത്തി തക്കശിക്ഷ നൽകണമെന്നും ചൂണ്ടിക്കാട്ടുന്നു.
ഐപ്സ്റ്റീൻ ഫയൽ ബന്ധം ആരോപിക്കപ്പെട്ട ഹർദീപ് സിങ് പുരിയെയും ഇന്ത്യൻ സാമ്പത്തിക രംഗം തകർത്ത നിർമല സിതാരാമനെയും ചൈന ലഡാക്കിലെ അതിരുകൾ കടന്ന സംഭവത്തിൽ രാജ്നാഥ് സിങ്ങിനെയും രാജിവെപ്പിക്കാതെ സംരക്ഷിക്കുകയാണ്. രാജ്യത്താകെ മോദി സർക്കാറിനോടുള്ള രോഷം പുകയുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
മുംബൈ: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സമരത്തെ പിന്തുണച്ചും സമരക്കാർക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചും വ്യാഴാഴ്ച മഹാരാഷ്ട്രയിൽ ബന്ദിന് ആഹ്വാനം ചെയ്ത് വഞ്ചിത് ബഹുജൻ അഘാഡി അധ്യക്ഷനും ഡോ. ബി.ആർ. അംബേദ്കറുടെ പേരമകനുമായ പ്രകാശ് അംബേദ്കർ. സമാന മനസ്കരായ പാർട്ടികളോടും വിദ്യാർഥികളോടും ബന്ദിനെ പിന്തുണക്കണമെന്ന് അദ്ദേഹം ‘എക്സിൽ’ ആവശ്യപ്പെട്ടു. സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികളെ ക്രൂരമായി പൊലീസ് നേരിട്ടതും സോനം വാങ്ചുകിനെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതും സ്വേച്ഛാധിപത്യത്തിന്റെ ലക്ഷണമാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സാമൂഹികവും രാഷ്ട്രീയവുമായ മാറ്റം കൈവരിക്കുന്നതിന് ജനാധിപത്യത്തിന് ഭരണഘടനാപരമായ രീതികൾ ആവശ്യമാണെന്ന് വ്യക്തമാക്കി തന്റെ മുത്തച്ഛൻ ഭരണഘടനാ അസംബ്ലിയിൽ നടത്തിയ പ്രസംഗവും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.