അതിഷി
ന്യൂഡൽഹി: ഡൽഹിയിലെ ജലപ്രതിസന്ധി പരിഹരിക്കാൻ ഹരിയാന സർക്കാർ വെള്ളം തുറന്നുവിടണമെന്നാവശ്യപ്പെട്ട് ഡൽഹി ജലവിഭവ മന്ത്രി അതിഷി മർലേന നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്. ആരോഗ്യനില വഷളായതിനെ തുടർന്ന് അതിഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അതിഷിയെ ലോക് നായക് ജയ് പ്രകാശ് (എൽ.എൻ.ജെ.പി) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിദിനം 100 ദശലക്ഷം ഗാലൻ (എം.ജി.ഡി) വെള്ളം ഹരിയാന സർക്കാർ വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് അതിഷിയുടെ അനിശ്ചിതകാല നിരാഹാര സമരം.
ജൂൺ 22 നാണ് ഹരിയാന ജലവിഹിതം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. തന്റെ ശരീരത്തിനെന്തു സംഭവിക്കുമെന്നുള്ളത് വിഷയമല്ലെന്നും അയൽ സംസ്ഥാനമായ ഹരിയാന ഡൽഹിക്ക് അർഹിക്കുന്ന വെള്ളം നൽകുന്നതുവരെ ഉപവാഹ സമരം തുടരുമെന്നും അതിഷി പ്രതികരിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും കുറഞ്ഞിട്ടുണ്ട്. ശരീര ഭാരവും കുറഞ്ഞു. കെറ്റോണിന്റെ അളവ് വളരെ ഉയർന്നിട്ടുണ്ട്. ഇത് ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്.
ഹരിയാന സർക്കാർ കഴിഞ്ഞ മൂന്നാഴ്ചയായി യമുനയിൽനിന്നുള്ള 100 മില്യൻ ഗാലൻ വെള്ളം പ്രതിദിനം വെട്ടിക്കുറച്ചതായി മന്ത്രി ആരോപിച്ചു. ഇത്രയും വലിയ അളവ് വെള്ളത്തിന്റെ അപര്യാപ്തമൂലം ഡൽഹിയിലെ 28 ലക്ഷത്തോളം വരുന്ന ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. ഡൽഹിയിലേക്ക് വെള്ളമെത്തുന്ന യമുന നദിയിലെ ബാരേജിന്റെ എല്ലാ ഷട്ടറുകളും ഹരിയാന സർക്കാർ അടച്ചു. ഇതോടെ വരും ദിവസങ്ങളിൽ ജലക്ഷാമം കൂടുതൽ രൂക്ഷമാകും. ബാരേജിൽ ആവശ്യത്തിനു വെള്ളമുണ്ട്. എന്നിട്ടും ഡൽഹിയിലേക്കു തുറക്കേണ്ട ഷട്ടറുകൾ അടച്ചിരിക്കുകയാണ്. ഷട്ടറുകൾ തുറന്ന് ജനങ്ങൾക്ക് വെള്ളം നൽകുന്നത് വരെ തന്‍റെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് അതിഷി അറിയിച്ചിരുന്നു.
അതിനിടെ ഡൽഹി നഗരത്തിന് അധിക വെള്ളം നൽകാനാകുമോ എന്ന് പരിശോധിക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി ഉറപ്പ് നൽകിയതായി ഞായറാഴ്ച ആപ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.