വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള വാർ റൂം ഉദ്ഘാടനത്തിന് മുമ്പായി പൂജ നടത്തുന്ന കർണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയും മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാനും
ബംഗളൂരു: പശു ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിനും അവക്ക് വൈദ്യസഹായം നൽകുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂമുമായി കർണാടക സർക്കാർ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പാണ് ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ആരംഭിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ വളർത്തുമൃഗങ്ങൾക്ക് മാത്രമായി വാർ റൂം ആരംഭിക്കുന്നത്. കേന്ദ്ര നിർദേശ പ്രകാരമാണ് മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ഹെബ്ബാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സിലാണ് വാര്‍റൂം സജ്ജമാക്കിയിരിക്കുന്നത്.
വളർത്തു മൃഗങ്ങൾക്ക് അപകടമുണ്ടാകുകയോ, അസുഖം പിടിപെടുകയോ ചെയ്താൽ വാർ റൂമിലെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് സഹായം തേടാം. വെറ്ററിനറി ഡോക്ടറും പ്രത്യേക പരിശീലനം നേടിയ ജീവനക്കാരും ഉൾപ്പെട്ട സംഘമാണ് വാർ റൂമുകളിലുണ്ടാകുക. സഹായം അഭ്യർഥിച്ചുള്ള ഫോൺ കാൾ പരിശോധിച്ച് നേരിട്ടെത്തി ആവശ്യമായ ചികിത്സ ഉറപ്പാക്കുക. മൂന്നു ഷിഫ്റ്റുകളിലായി ഏഴു പേരടങ്ങുന്ന സംഘമാണ് വാർ റൂമിൽ പ്രവർത്തിക്കുക.
കന്നുകാലികള്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാകുന്നില്ലെന്ന ഏറെക്കാലമായുള്ള കര്‍ഷകരുടെ പരാതിക്ക് പുതിയ വാര്‍റൂം പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സഹായം ആവശ്യപ്പെടുന്നവരുടെ സമീപപ്രദേശത്തെ മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് മൃഗങ്ങള്‍ക്ക് അതിവേഗം ചികിത്സ ലഭിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. കോവിഡ് ബാധിച്ച ഉടമകള്‍ മരിച്ചതിനെതുടർന്ന് ഒറ്റപ്പെടുന്ന വളർത്തു മൃഗങ്ങളെ ഏറ്റെടുക്കാനുള്ള സംവിധാനവും വാര്‍റൂമിന് കീഴിലുണ്ടാകും.
അപകടത്തില്‍പെട്ട പെടുന്ന മൃഗങ്ങളെ കണ്ടെത്തിയാല്‍ ആര്‍ക്കും വാര്‍ റൂമുമായി ബന്ധപ്പെടാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സ് ഡയറക്ടര്‍ ഡോ. ബി. എന്‍. ശിവറാം പറഞ്ഞു. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളും വാർ റൂമിലൂടെ കർഷകർക്ക് നൽകും. വാര്‍റൂമുമായി ബന്ധപ്പെടേണ്ട നമ്പര്‍ : 8277100200.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.