ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കുന്നത് തടയാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തിൽ വാദം കേൾക്കൽ പൂർത്തിയായി. ഹരജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി. വഖഫ് ഇസ്‍ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന കേന്ദ്ര സർക്കാർ വാദത്തെ ഖണ്ഡിച്ച് വ്യാഴാഴ്ച ഹരജിക്കാരുടെ അഭിഭാഷകർ രംഗത്തുവന്നു. വഖഫ് ഇസ്‍ലാമിലെ അവിഭാജ്യഘടകമല്ലെന്ന് പറയാൻ ഒരു ബാഹ്യശക്തിക്കും അവകാശമില്ലെന്ന് ഹരജിക്കാർ വ്യക്തമാക്കി.
ഭരണഘടന അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം തടയാൻ വേണ്ടിയാണ് അവിഭാജ്യഘടകമല്ലെന്ന് ആക്കിത്തീർക്കാനുള്ള ശ്രമമെന്ന് മുതിർന്ന അഭിഭാഷകനായ രാജീവ് ധവാൻ പറഞ്ഞു. ഇസ്‍ലാമിന്റെ അഞ്ച് തൂണുകളിൽ ഒന്നാണ് ദാനധർമം. വഖഫ് ദാനധർമമാണ്. അത് മുസ്‍ലിംകളുടെ മതപരവും സാമൂഹികവുമായ ജീവിതവുമായി ഇഴചേർന്നിരിക്കുന്നു. മതപരമായ സംഭാവനകളുടെ മതേതര വശങ്ങൾ സർക്കാറിന് നിയന്ത്രിക്കാൻ കഴിയുമെന്ന വാദം സുപ്രീംകോടതി നേരത്തേ തള്ളിയിട്ടുണ്ടെന്നും ധവാൻ വാദിച്ചു.
ദാനധർമം ഇസ്‍ലാമിൽ അനിവാര്യമായ മതപരമായ ആചാരമാണെന്ന് കപിൽ സിബലും ചൂണ്ടിക്കാട്ടി. വഖഫ് ദൈവത്തിനുള്ള സമർപ്പണമാണ്. ഖബറടക്കം ഇസ്‍ലാമിന്റെ അനിവാര്യമായ ആചാരമാണ്.
200 വർഷത്തിലേറെയായി ഉപയോഗിക്കുന്ന ഒരു ഖബർസ്ഥാൻ സർക്കാർ ഭൂമിയാണെന്ന് അവകാശവാദം ഉന്നയിച്ച് വാണിജ്യ ഉപയോഗത്തിലേക്ക് മാറ്റാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
ഭേദഗതി നിയമത്തിലെ സെക്ഷൻ മൂന്ന് സി പ്രകാരം വഖഫ് സ്വത്ത് സർക്കാർ ഭൂമിയാണോ അല്ലയോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്ന നിമിഷം വഖഫ് പദവി റദ്ദാക്കപ്പെടുമെന്ന് ഇതുസംബന്ധിച്ച കേന്ദ്രവാദത്തിന് സിബൽ മറുപടി നൽകി. 1954 മുതൽ വഖഫ് സ്വത്തുക്കളുടെ സർവേ നടത്തേണ്ട ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്. ഇതുവരെ ഒരു സംസ്ഥാനം മാത്രമാണ് സർവേ പൂർത്തിയാക്കിയത്. ഇപ്പോൾ സർക്കാർ പറയുന്നു, രജിസ്റ്റർ ചെയ്യാത്ത വഖഫുകളുടെ പദവി നഷ്ടപ്പെടുമെന്ന്.
സംസ്ഥാനങ്ങളുടെ തെറ്റിന് ആരാണ് ഉത്തരവാദി. ഇത് കൈയേറ്റമാണ്. വഖഫ് സ്വത്തുക്കൾ വ്യവസ്ഥാപിതമായി പിടിച്ചെടുക്കാനുള്ള ശ്രമമാണിത്.
വഖഫ് മാനേജ്‌മെന്റ് സ്മാരകങ്ങൾ ദുരുപയോഗം ചെയ്യുന്നു, മുറികൾ കടകൾക്കായി നൽകുന്നു, അനധികൃത മാറ്റങ്ങൾ വരുത്തുന്നു തുടങ്ങിയ കേന്ദ്ര വാദത്തിന് അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റു നിയമങ്ങളുണ്ടെന്നും അതിന്റെ പേരിൽ സർക്കാറിന് വഖഫ് സ്വത്തിന്മേലുള്ള അവകാശം ഏറ്റെടുക്കാൻ കഴിയില്ലെന്നും സിബൽ മറുപടി നൽകി.
ആദിവാസി മുസ്‍ലിംകൾക്ക് വ്യത്യസ്തമായ സാംസ്കാരിക സ്വത്വമുണ്ടെന്നും അവരുടെ ഭൂമി വഖഫായി സമർപ്പിക്കാൻ കഴിയില്ലെന്നും അവരുടെ ഭൂമി സംരക്ഷിക്കാനുള്ള നടപടിയാണിതെന്നും കേന്ദ്രം വാദിച്ചു.
എന്നാൽ, ആദിവാസി ഭൂമി കൈമാറ്റം നിരോധിക്കുന്നില്ല, നിയമവിരുദ്ധമായ കൈമാറ്റങ്ങളിൽനിന്ന് ആദിവാസികളെ സംരക്ഷിക്കുന്നതിന് പകരം വഖഫ് ചെയ്യാനുള്ള അവകാശം മാത്രമേ എടുത്തുകളയുന്നുള്ളൂവെന്ന് ഹുസൈഫ അഹ്മദി വ്യകതമാക്കി. വഖഫ് ചെയ്യുന്നതിൽ ആളുകളെ നിരുത്സാഹപ്പെടുത്തുകയാണ് ഭേദഗതി ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വഖഫ് ഭേദഗതിയെ പിന്തുണച്ചുള്ള ഹരജികളിലെ വാദങ്ങളും കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് എ.ജി. മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാൻ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.