യു.പിക്ക് വേണ്ടെങ്കിൽ വേണ്ട, താജ് ഇന്ത്യയുടെ അഭിമാനമാണ് : താജിന് ടൂറിസം കേരളയുടെ അഭിവാദ്യം

തിരുവനന്തപുരം: കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനവും ആവേശവുമായ ഉത്തർപ്രദേശിലെ  താജ് മഹലിന് ഇന്ത്യയുടെ ഇങ്ങേത്തലക്കുള്ള കേരളത്തിൽ നിന്നും ഒരു പ്രണാമം. താജ് മഹലിനെച്ചൊല്ലി ഉത്തർപ്രദേശിലും ബി.ജെ.പി സർക്കാരിലും തർക്കങ്ങളും ഇകഴ്ത്താനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ പരിഹസിക്കുകയാണോ എന്ന് തോന്നുന്ന വിധത്തിൽ കേരള ടൂറിസം പ്രമോഷൻ കൗൺസിൽ അഭിവാദ്യം അർപ്പിച്ചിരിക്കുന്നത്.

'ഇന്ത്യയെ കണ്ടെത്താൻ ദശലക്ഷക്കണക്കിന് പേരെ പ്രചേദിപ്പിച്ച താജ് മഹലിന് ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ പേരിൽ അഭിവാദ്യങ്ങൾ' എന്നാണ് കേരള പ്രമോഷൻ കൗൺസിലിന്‍റെ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്നത്. 

ലോകത്തെ ഏഴ് അദ്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ ഇന്ത്യയുടെ ചരിത്രത്തിന്‍റെയും അഭിമാനത്തിന്‍റെയും ഭാഗമായാണ് കണക്കാക്കപ്പെട്ടിരുന്നത്.  എന്നാൽ ഉത്തർ പ്രദേശ് സർക്കാർ പുറത്തിറക്കിയ 'ഉത്തർ പ്രദേശ് അപാർ പര്യടൻ' എന്ന ബുക്ലെറ്റിൽ നിന്നും താജ്മഹൽ ഒഴിവായതാണ് വിവാദത്തിന് തിരികൊളുത്തിയത്. 

സംഗീത് സോം, വിനയ് കത്യാർ എന്നീ ബി.ജെ.പി നേതാക്കൾ താജ് മഹലിനെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയതും കോളിളക്കമുണ്ടാക്കി. ഇതിന് പുറകെയാണ് ഇന്ത്യാക്കാരുടെ വിയർപ്പുകൊണ്ട് പടുത്തുയർത്തിയതാണ് താജ്മഹൽ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ രംഗത്തെത്തിയത്. 

അതേസമയം, ജനരക്ഷായാത്രക്കായി കേരളത്തിലെത്തിയ യോഗി ആദിത്യനാഥും പിണറായി വിജയനും തമ്മിൽ നടന്ന ട്വിറ്റർ യുദ്ധങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റി. ഇതിനിടയിൽ താജ് മഹലിനെക്കുറിച്ചും പിണറായി ചോദ്യങ്ങളുന്നയിച്ചിരുന്നു. 

ഇതിന് പിറകെയാണ് കേരള ടൂറിസം ഡിപ്പാർട്ട്മെന്‍റ്  താജ്മഹലിന് അഭിവാദ്യമാർപ്പിച്ചിരിക്കുന്നത്. യു.പി-കേരള  രാഷ്ട്രീയം ശ്രദ്ധിക്കുന്നവർ പിണറായി വിജയൻ യോഗി ആദിത്യനാഥിനെ ട്രോൾ ചെയ്തതാണോ  ഇതെന്ന സംശയമാണ് പ്രകടിപ്പിക്കുന്നത്.

 

Tags:    
News Summary - Wah Taj! Is Kerala Tourism Trolling Yogi Adityanath Government?-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.