കൊൽക്കത്ത: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ജനവിധിയല്ലെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ബി.ജെ.പി ജനങ്ങളുടെ വോട്ട് കൊള്ളയടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിൽ അഖിലേഷ് യാദവിനെ ബലമായി തോൽപ്പിക്കുകയായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇത് ജനവിധിയല്ല. ഇത് മെഷീൻ വിധിയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ഏകാധിപത്യത്തിലൂടെയും ചില സംസ്ഥാനങ്ങളിൽ ജയിച്ചെന്നതുകൊണ്ടു മാത്രം അവർ ഇപ്പോൾ ആഹ്ലാദിക്കുന്നുണ്ടാകും. 2024ലും വിജയിക്കുമെന്നാകും അവർ വിചാരിക്കുന്നത്. എന്നാൽ, കാര്യങ്ങൾ അത്ര എളുപ്പമാകില്ല-മമത പറഞ്ഞു.
രണ്ടു വർഷത്തിനുശേഷം എന്തു സംഭവിക്കുമെന്ന് ആർക്ക് പ്രവചിക്കാനാകും? വോട്ടിങ് മെഷിനുകളുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. വരാണസി ജില്ലാ മജിസ്‌ട്രേറ്റ് സസ്‌പെൻഡ് ചെയ്യപ്പെടുന്ന അവസ്ഥ പോലുമുണ്ടായി. അതൊരു ചെറിയ കാര്യമല്ല. അഖിലേഷിനെ ബലമായി തോൽപ്പിക്കുകയായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. ജനവിധിക്കെതിയെ അഖിലേഷ് നിയമപോരാട്ടം നടത്തണം. ഇ.വി.എമ്മുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്നും മമത ആവശ്യപ്പെട്ടു.
യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷിന്റെ എസ്.പിക്ക് പരസ്യ പിന്തുണയുമായി തൃണമൂൽ രംഗത്തെത്തിയിരുന്നു. വരാണസിയിലെ എസ്.പി തെരഞ്ഞെടുപ്പ് റാലിയിൽ മമത പങ്കെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.