ജീവന്‍വെച്ച് ബാരന്‍ അഗ്നിപര്‍വതം; പുകയും ലാവയും വമിക്കുന്നു

പനാജി: ബാരന്‍ ദ്വീപിലുള്ള ഇന്ത്യയിലെ ഏക സജീവ അഗ്നി പര്‍വതത്തില്‍നിന്ന് പുകയും ലാവയും വമിക്കുന്നു. 150 വര്‍ഷം നീണ്ട ഉറക്കത്തിനുശേഷം 1991ലാണ് അന്തമാന്‍ നികോബാര്‍ ദ്വീപുകളിലെ ഈ അഗ്നി പര്‍വതം അവസാനമായി സജീവമായത്.  അതിനുശേഷം ബാരന്‍ വീണ്ടും പുകയുന്നുവെന്നാണ് ഗോവയില്‍നിന്നുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷകര്‍ കണ്ടത്തെിയത്. അഭയ് മുധോല്‍കറിന്‍െറ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പര്‍വതത്തെ നിരീക്ഷിച്ചത്.

പോര്‍ട്ട് ബ്ളയറില്‍നിന്ന് 140 കിലോമീറ്റര്‍ വടക്കു കിഴക്കായുള്ള ബാരന്‍ ദ്വീപിലാണ് അഗ്നിപര്‍വതം. 2017 ജനുവരി 23നാണ് പര്‍വതം ഉണര്‍ന്നതായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പെട്ടത്.  സമുദ്ര ഗവേഷണ ശാസ്ത്രജ്ഞരുടെ സംഘം അന്തമാനിലെ ബാരന്‍ അഗ്നി പര്‍വതത്തിനു സമീപം കടലിലെ അടിത്തട്ട് സാമ്പിള്‍ ശേഖരിക്കുന്നതിനിടെയാണ് പുക വമിക്കാന്‍ തുടങ്ങിയത് ശ്രദ്ധയില്‍പെട്ടത്. ഒരു മൈല്‍ ദൂരെനിന്ന് പര്‍വതം നിരീക്ഷിച്ചപ്പോള്‍ അഞ്ചു മുതല്‍ പത്തു മിനിറ്റ് വരെ പുക തുപ്പിയെന്നു കണ്ടത്തെി.

പകല്‍സമയത്തു മാത്രമാണ് പുക ഉയരുന്നതായി കണ്ടത്. രാത്രി സമയങ്ങളില്‍ നിരീക്ഷിച്ചപ്പോള്‍ പര്‍വതമുഖത്തുനിന്ന് ചുവന്ന നിറത്തില്‍ ലാവ അന്തരീക്ഷത്തിലേക്ക് തെറിച്ച് പര്‍വതത്തിന്‍െറ ചെരിവുകളിലൂടെ ഒഴുകുന്നതായും കണ്ടു. ജനുവരി 26ന് ബി. നാഗേന്ദര്‍ നാഥിന്‍െറ നേതൃത്വത്തില്‍ രണ്ടാമതും പര്‍വതം നിരീക്ഷിച്ചപ്പോള്‍ പുകയും പൊട്ടിത്തെറിയും തുടരുന്നതായും കണ്ടത്തെി. അഗ്നിപര്‍വതത്തിനു സമീപമുള്ള മണ്ണും വെള്ളവും ശേഖരിച്ച് പരിശോധിച്ചപ്പോഴും അഗ്നിപര്‍വതം ഉണര്‍ന്നുവെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അഗ്നിപര്‍വതം പൊട്ടുമ്പോഴുണ്ടാകുന്ന പാറക്കഷണങ്ങളായ കരിപോലെ കറുത്ത അവശിഷ്ടങ്ങള്‍ ഇവിടെനിന്ന് ലഭിച്ചെന്നും വരാനിരിക്കുന്ന അഗ്നിപര്‍വത സ്ഫോടനത്തെ സൂചിപ്പിക്കുന്നതാണിതെന്നും ഗവേഷക സംഘം കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - Volcano

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.