പശുവിന് ചിക്കൻ മോമോസ് നൽകിയ വ്ലോഗർക്ക് മർദനം; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റ്

ഗുരുഗ്രാം: പശുവിന് ചിക്കൻ മോമോസ് നൽകിയ വ്ലോഗർക്കെതിരെ കേസ്. വ്ലോഗർ ഹൃതിക്കിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിനും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കുമാണ് കേസെടുത്തത്. ഡിസംബർ 2-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൃതിക് സായാഹ്ന സവാരിക്കിടയിൽ ചിത്രീകരിച്ച വ്ലോഗിലായിരുന്നു പശുവിന് മോമോസ് കൊടുക്കുന്ന ദൃശ്യമുണ്ടായിരുന്നത്. സെക്ടർ 56-ലെ ഒരു മാർക്കറ്റിൽ നിന്ന് ചിക്കൻ മോമോസ് വാങ്ങിയ ഹൃതിക് കുറച്ചെണ്ണം കഴിച്ച ശേഷം അവശേഷിച്ചത് പശുവിന് നൽകുകയായിരുന്നു.

വീഡിയോ ആയിരക്കണക്കിന് ആളുകൾ കണ്ടതോടെ, പ്രകോപിതരായ ബജ്‌റംഗ്ദൾ പ്രവർത്തകർ ഹൃതിക്കിനെ മർദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയുമായിരുന്നു. മർദ്ദിക്കുന്നതിനിടയിൽ കൂകി വിളിക്കുന്നുണ്ടായിരുന്നു. ആക്രമണത്തിന് ശേഷമാണ് യുവാവിനെ നാട്ടുകാർ സെക്ടർ 56 പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. യുവാവിനെതിരെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 299 (മതവികാരം മനഃപൂർവം വ്രണപ്പെടുത്തുന്നതിനുള്ള നടപടികൾ), മൃഗക്ഷേമ നിയമങ്ങൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഹൃതിക്കിനെ ആക്രമിച്ചവർക്കെതിരെയും പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ ഫോറൻസിക് ടീം ലൈവ് സ്ട്രീമും മറ്റ് തെളിവുകളും ശേഖരിച്ച് സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Vlogger beaten up for feeding cow chicken momos; arrested on complaint of outraging religious feelings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.