‘ഞങ്ങൾക്കിത് നല്ല ദിവസം, തീരുമാനം സ്വാഗതം ചെയ്യുന്നു’ -ഗ്രഹാം സ്റ്റെയിൻസിന്‍റെ കൊലയാളികളെ വിട്ടയച്ചതിൽ ആഹ്ലാദവുമായി വി.എച്ച്.പി

ഭുവനേശ്വർ: ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ശിക്ഷാ കാലാവധി തീരുന്നതിനുമുമ്പ് ജയിലിൽനിന്നു വിട്ടയച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സംഘ്പരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്. ‘ഞങ്ങൾക്കിതൊരു നല്ല ദിവസമാണ്. സർക്കാരിന്‍റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു’ -വി.എച്ച്.പി ജോയിന്‍റ് സെക്രട്ടറി കേദാർ ദാഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഒഡീഷയിൽ ബി.ജെ.പി മന്ത്രിസഭ അധികാരത്തിലെത്തിയതു മുതൽ ഗ്രഹാം സ്റ്റെയിൻസിന്‍റെ കൊലയാളികളെ മോചിപ്പിക്കാൻ നടത്തിയ ശ്രമങ്ങളാണു വിജയം കണ്ടത്.

ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ശിക്ഷാ കാലാവധി തീരുന്നതിനുമുമ്പാണ് ഒഡിഷ സർക്കാർ ജയിലിൽനിന്ന് വിട്ടയച്ചത്. 25 വർഷമായി ജയിലിൽ തുടരുന്ന ഹെംബ്രാമിനെ നല്ലനടപ്പ് പരിഗണിച്ച് മോചിപ്പിക്കാനാണ് സംസ്ഥാന തടവ് അവലോകന ബോർഡ് തീരുമാനിച്ചത്. ബുധനാഴ്ചയാണ് ഹെംബ്രാം ജയിലിൽനിന്ന് പുറത്തിറങ്ങിയത്. കൊലപാതകം നടത്തുമ്പോൾ 25 വയസുണ്ടായിരുന്ന ഹെംബ്രാമിന് ഇപ്പോൾ 50 വയസുണ്ട്.

Full View

കേസിലെ മുഖ്യപ്രതിയും ബജ്‌രംഗ്ദൾ പ്രവർത്തകനുമായ ദാരാ സിംഗിനെയും പ്രധാന കൂട്ടാളിയായ ഹെംബ്രാമിനെയും മോചിപ്പിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്തയുടൻ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്‍റെ തുടർച്ചയാണു കൊലയാളിയുടെ മോചനമെന്നും കോണ്‍ഗ്രസും ബി.ജെ.ഡിയും പറഞ്ഞു. ദാരാ സിങ്ങിന്‍റെയും ഹെംബ്രാമിന്‍റെയും മോചനം ആവശ്യപ്പെട്ട് 2022 സെപ്റ്റംബറിൽ സുദർശൻ ടിവി എഡിറ്റർ സുരേഷ് ചാവങ്കെയ്ക്കൊപ്പം കിയോഞ്ജറിലെ ജയിലിനുമുന്നിൽ നടത്തിയ ധർണയിൽ അന്നത്തെ കിയോഞ്ജർ എംഎൽഎയും ഇപ്പോൾ മുഖ്യമന്ത്രിയുമായ മോഹൻ ചരണ്‍ മാജി പങ്കെടുത്തിരുന്നു.


ഒഡിഷയിലെ മനോഹർപുർ ഗ്രാമത്തിൽ 1999 ജനുവരി 22ന് അർധരാത്രിയാണ് കുഷ്ഠരോഗികളെ പരിചരിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ആസ്‌ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്റ്റെയിൻസിനെയും (58) മക്കളായ തിമോത്തി (10), ഫിലിപ്പ് (ഏഴ്) എന്നീ മക്കളെയും ജീവനോടെ കത്തിച്ചു കൊന്നത്. മനോഹർപുർ ഗ്രാമത്തിൽ പള്ളിക്കു മുന്നിൽ നിർത്തിയ വാഹനത്തിൽ വിശ്രമിക്കുകയായിരുന്നു സ്റ്റെയിൻസും രണ്ട് മക്കളും. ജയ്ഹനുമാൻ വിളിച്ചെത്തിയ സംഘം ഇവരെ വാഹനത്തിനുള്ളിലിട്ട് കത്തിച്ചു.

നീചനായ കൊലപാതകിയെ വിട്ടയച്ച നടപടി ഇന്ത്യൻ നീതിക്കുമേലുള്ള തീരാക്കളങ്കമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ മാണിക്കം ടാഗോർ പറഞ്ഞു. ‘ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്‍റെ രണ്ടു കുഞ്ഞുങ്ങളെയും ജീവനോടെ ചുട്ടെരിച്ച വെറുക്കപ്പെട്ട കൊലയാളി ഇപ്പോൾ സ്വതന്ത്രനായി നടക്കുന്നു. മഹേന്ദ്ര ഹെംബ്രാമിന്‍റെ മോചനം സംഘികൾക്ക് ഒരു ആഘോഷമാണ്. പക്ഷേ ഇന്ത്യൻ നീതിക്കുമേലുള്ള കറുത്ത കളങ്കമാണ്. ഇതെന്തു സന്ദേശമാണു നൽകുന്നത്?’ -ടാഗോർ എക്സിൽ ചോദിച്ചു.


കേസിലെ മുഖ്യപ്രതിയും ജീവപരന്ത്യം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായ ദാരാ സിങ് എന്ന രബീന്ദ്ര പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന അപേക്ഷയിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതി ഒഡീഷ സർക്കാരിനു നിർദേശം നൽകിയിരുന്നു. ഈ ഹർജിയുടെ മറവിലാണ് ഹെംബ്രാമിനെ മോചിപ്പിച്ചത്. ജയിലധികൃതർ തന്നെ ഇയാളെ മാലയിട്ടു യാത്രയാക്കുകയായിരുന്നു.

പുതിയ ബിജെപി സർക്കാർ കൊലയാളികളോട് അനുഭാവം പുലർത്തുന്നതിനാൽ അനുകൂല പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണു ഹരജി നൽകിയതെന്നും ഇപ്പോൾ തിടുക്കത്തിൽ ഹെംബ്രാമിനെ മോചിപ്പിച്ചതെന്നും ബിജെഡി മുൻ എംഎൽഎ രാജ്കിഷോർ ദാസ് പറഞ്ഞു. ജയിൽമോചനത്തിനായുള്ള ഹരജി നൽകിയ സമയം മുതലുള്ള നടപടികൾ സംശയാസ്പദമാണെന്ന് ഒഡീഷയിലെ കോണ്‍ഗ്രസ് എംഎൽഎ താര പ്രസാദ് വഹ്നിപതിയും പറഞ്ഞു. 



Tags:    
News Summary - Vishwa Hindu Parishad (VHP) welcomed Hembram's release from jail in graham staines case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.