രസഗുളയെ ചൊല്ലി തർക്കം; ബിഹാറിൽ വിവാഹപന്തലിൽ കൂട്ടത്തല്ല് -VIDEO

പട്ന: രസഗുളയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബിഹാറി​ലെ വിവാഹവേദിയിൽ കൂട്ടത്തല്ല്. ബോധ്ഗയയിലെ വിവാഹമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. എക്സിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.

ആളുകൾ രണ്ട് സംഘമായി തിരിഞ്ഞ് പരസ്പരം മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നവംബർ 29ന് ബോധ്ഗയയിലെ ​ഒരു ഹോട്ടലിലാണ് വിവാഹചടങ്ങുകൾ നടന്നത്. വരന്റേയും വധുവിന്റേയും കുടുംബാംഗങ്ങൾ ഒരേ ഹോട്ടലിലാണ് താമസിച്ചത്. വിവാഹചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ ഭക്ഷണപന്തലിൽ രസഗുളയുടെ കുറവുണ്ടെന്ന് വധുവിന്റെ വീട്ടുകാർ പരാതി ഉന്നയിച്ചു.

ഇതിന് പിന്നാലെ ഭക്ഷ്യഹാളിൽ വലിയ സംഘർഷം ആരംഭിക്കുകയായിരുന്നു. ആളുകൾ ചെയറുകളും പ്ലേറ്റുകളും ഉപയോഗിച്ച് പരസ്പരം മർദിക്കുകയായിരുന്നു. സംഘർഷത്തിൽ ഇരുപക്ഷത്തുമുള്ള നിരവധി പേർക്ക് പരിക്കേറ്റുവെന്ന് പൊലീസ് അറിയിച്ചു. രസഗുള കിട്ടാത്തതിനെ തുടർന്നാണ് തർക്കം തുടങ്ങിയതെന്ന് വരന്റെ പിതാവ് മഹേന്ദ്ര പ്രസാദ് അറിയിച്ചു. തങ്ങൾക്കെതിരെ വധുവിന്റെ കുടുംബം വ്യാജ സ്ത്രീധനപീഢന പരാതി നൽകിയെന്നും വരന്റെ കുടുംബാംഗങ്ങൾ അറിയിച്ചു.

തർക്കത്തിന് ശേഷവും വിവാഹവുമായി മുന്നോട്ട് പോകാൻ തങ്ങൾ തയാറായിരുന്നുവെന്ന് വരന്റെ മാതാവ് മുന്നി ദേവി പറഞ്ഞു. എന്നാൽ, വിവാഹത്തിന് താൽപര്യമില്ലെന്ന് വധുവിന്റെ ബന്ധുക്കൾ അറിയിക്കുകയായിരുന്നു. തങ്ങൾ വധുവിന് നൽകാനായി വെച്ചിരുന്ന സ്വർണവും അവർ കൊണ്ട് പോയെന്നും വരന്റെ മാതാവ് ആരോപിച്ചു. 

Tags:    
News Summary - Violent fight breaks out at Bihar wedding over rasgulla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.