ഒളിവിലിരുന്ന് വികാസ് ദുബേ വിളിച്ചത് 24 പൊലീസുകാരെ; 60 കേസിൽ പ്രതിയായിട്ടും ക്രിമിനൽ പട്ടികയിൽ ‘നല്ലകുട്ടി’

ലഖ്നോ: യു.പിയിലെ കൊടുംകുറ്റവാളി വികാസ് ദുബേയ്ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും നേതാക്കളുമായും ഉള്ളത് അടുത്ത ബന്ധം. കാൺപൂരിൽ എട്ട് പൊലീസുകാരെ വെടിവെച്ചു കൊന്ന സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന ഇയാളെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. അതേസമയം, ഒളിവിലിരുന്ന് 24 പൊലീസ് ഓഫിസർമാരുമായി ദുബേ ബന്ധപ്പെട്ടതായി ഫോൺ കോൾ രേഖകൾ വ്യക്തമാക്കുന്നു. 

വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബേയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ഇയാളുടെ കൂട്ടാളികൾ വഴിയിൽ തടഞ്ഞ് വെടിവെച്ചത്. എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. മുതിർന്ന ബി.ജെ.പി നേതാവ് സന്തോഷ് ശുക്ലയെ 2001ൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ദുബേയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. തുടർന്ന് ദുബേ സ്ഥലംവിടുകയായിരുന്നു.

പൊലീസ് പരിശോധനക്ക് എത്തുന്നുവെന്ന വിവരം വികാസ് ദുബേയെ അറിയിച്ച ചൗബേപൂർ പൊലീസ് സ്റ്റേഷൻ ഓഫിസറെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ്, ദുബേ കൂടുതൽ പൊലീസുകാരെ ബന്ധപ്പെട്ടതായ വിവരങ്ങൾ പുറത്തുവരുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട സ്റ്റേഷൻ ഓഫിസർക്ക് പുറമേ മറ്റ് രണ്ട് പൊലീസുകാരും ശിവരാജ്പൂർ സ്റ്റേഷനിലെ ഏതാനും പൊലീസുകാരും ഇയാളുമായി ബന്ധപ്പെട്ടിട്ടുണ്ട്. 

60 ക്രിമിനൽ കേസുകൾ, ടോപ് ടെൻ പട്ടികയിൽ ദുബേ ഇല്ല

കൊലപാതകം, കലാപമുണ്ടാക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 60ഓളം ക്രിമിനൽ കേസിൽ പ്രതിയായിട്ടും പൊലീസിന്‍റെ ആദ്യത്തെ 10 ക്രിമിനലുകളുടെ പട്ടികയിൽ വികാസ് ദുബേയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഇയാളുടെ നേതൃത്വത്തിലുള്ള ക്രിമിനൽ ഗാങ്ങിനെ പൊലീസ് രേഖകളിൽ രജിസ്റ്റർ ചെയ്തിട്ടു പോലുമുണ്ടായിരുന്നില്ല. 

പ്രത്യേക ദൗത്യസംഘത്തിന് ജില്ല പൊലീസ് നൽകിയ 25 കൊടുംകുറ്റവാളികളുടെ പട്ടികയിലും ദുബേ ഉൾപ്പെട്ടിരുന്നില്ല. യു.പിയിലെ തന്നെ ഒൗറിയ എന്ന സ്ഥലത്താണ് വികാസ് ദുബേയുടെ അവസാന ഫോൺ ലൊക്കേഷൻ കാണിക്കുന്നത്. ഇയാൾ മധ്യപ്രദേശിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. 

വികാസ് ദുബേയുടെ ബംഗ്ലാവും ആഡംബര കാറും കഴിഞ്ഞ ദിവസം പൊലീസ് സംഘം തകർത്തിരുന്നു. വെടിവെപ്പിൽ കൊല്ലപ്പെട്ട എട്ട് പൊലീസുകാരുടെയും കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Tags:    
News Summary - Vikas Dubey not in top 10 criminal list after 60 cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.