വിക്ടറി മീൻസ് വിജയ്; ടി.വി.കെ, കോൺഗ്രസ് സഖ്യത്തിന് പുതിയ പേര് ‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) നേതൃത്വത്തിലുള്ള സഖ്യത്തിന് ഔദ്യോഗിക പേര് പ്രഖ്യാപിച്ചു. ‘മതസാർപട്ര സമൂഗനീതി വെട്രി കൂട്ടണി’ (സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ് Secular Social Justice Victory Alliance) എന്നാണ് സഖ്യത്തിന്റെ പേര്.

പനയൂരിലെ ടി.വി.കെ ആസ്ഥാനത്ത് ബുധനാഴ്ച ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് പേര് പ്രഖ്യാപിച്ചത്. സഖ്യത്തിന്റെ പേരിൽ വിജയ് എന്ന അർഥം വരുന്ന വിക്ടറി എന്ന വാക്കും ഉൾപ്പെടുന്നുണ്ട്. ടി.വികെക്കൊപ്പം കോൺഗ്രസ്, വി.സി.കെ, എം.ഡി.എം.കെ, മുസ്‍ലിം ലീഗ് എന്നിവയാണ് സഖ്യത്തിലെ പ്രധാന പാർട്ടികൾ. മേയിൽ തമിഴ്‌നാട് സർക്കാർ രൂപീകരിച്ചതിനുശേഷം സഖ്യകക്ഷികളുടെ രണ്ടാമത്തെ പ്രധാന യോഗത്തിലാണ് ഔദ്യോഗിക പേര് പ്രഖ്യാപനം.

ടി.വികെ അധ്യക്ഷൻ വിജയ് യോഗത്തിന് നേതൃത്വം നൽകി. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ബി. മണികം ടാഗോർ, കോൺഗ്രസ് രാജ്യസഭാംഗം പ്രവീൺ ചക്രവർത്തി, നിയമസഭാ കക്ഷി നേതാവ് തരഹായ് കത്ബർട്ട്, എം.ഡി.എം.കെ നേതാക്കളായ വൈകോയും മകൻ ദുരൈയും വി.സി.കെ മേധാവി തോൾ തിരുമാവളവൻ, മുസ്‍ലിം ലീഗ് നേതാക്കളായ കെ.എം. കാദർ മൊഹിദീൻ, എ.എം. ഷാജഹാൻ, സയ്യിദ് ഫാറൂഖ് ബാഷ

തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അതേസമയം, സി.പി.ഐ, സി.പി.എം നേതാക്കൾ യോഗത്തിൽ പ​​ങ്കെടുത്തില്ല. തമിഴ്‌നാട്ടിൽ രാഷ്ട്രീയ സ്ഥിരത നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഇടതുപാർട്ടികൾ ബാഹ്യ പിന്തുണ മാത്രമാണ് നൽകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം ചൊവ്വാഴ്ച പറഞ്ഞു.

വിവിധ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ടി.വി.കെ സർക്കാർ അധികാരത്തിലെത്തിയത്. ഇതിന് രാഷ്ട്രീയ ഘടന നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഔദ്യോഗിക പേര് പ്രഖ്യാപിച്ചിരിക്കുന്നത്. 

Tags:    
News Summary - Vijays TVK Congress alliance gets new name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.