ഭാര്യാപിതാവ് ‘രാഷ്ട്രീയ വനവാസം’ സ്വീകരിക്കണം; അനന്തരവന്റെ തിരിച്ചുവരവിന് ഉപാധിയുമായി മായാവതി
ലഖ്നോ: അനന്തരവനും മുൻ രാഷ്ട്രീയ പിൻഗാമിയുമായ ആകാശ് ആനന്ദിന്റെ പാർട്ടിയിലേക്കുള്ള തിരിച്ചുവരവിന് കർശന ഉപാധിയുമായി ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി. ആകാശ് ആനന്ദിന്റെ ഭാര്യാപിതാവും മുൻ രാജ്യസഭാംഗവുമായ അശോക് സിദ്ധാർത്ഥ് രാഷ്ട്രീയത്തിൽനിന്ന് പൂർണമായും വിരമിക്കുകയും ‘രാഷ്ട്രീയ സന്യാസം’സ്വീകരിക്കുകയും വേണമെന്നാണ് മായാവതി മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് കഴിഞ്ഞ ആഗസ്റ്റിൽ പുറത്താക്കിയിരുന്നു.
ആകാശ് ആനന്ദിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് വീണ്ടും നിർണായക നിലപാട് വ്യക്തമാക്കി ബുധനാഴ്ച എക്സ് പോസ്റ്റിലൂടെയാണ് മായാവതി ഇക്കാര്യം അറിയിച്ചത്. അശോക് സിദ്ധാർത്ഥ് രാഷ്ട്രീയ മോഹങ്ങൾ പൂർണമായി ഉപേക്ഷിച്ചു പിന്മാറിയാൽ മാത്രമേ ആകാശ് ആനന്ദിന് പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനാകൂ എന്നും, തുടർന്ന് അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട ഉത്തരവാദിത്തങ്ങൾ തിരികെ നൽകുന്ന കാര്യം പാർട്ടി അനുഭാവപൂർവ്വം പരിഗണിക്കൂ എന്നും അവർ വ്യക്തമാക്കി. പാർട്ടിയിൽ ഇതിൽ പൊതുതീരുമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ, വേണ്ടത്ര രാഷ്ട്രീയ പക്വതയില്ലെന്ന് ചൂണ്ടിക്കാട്ടി ബി.എസ്.പി ചീഫ് നാഷണൽ കോർഡിനേറ്റർ സ്ഥാനത്തുനിന്നും മറ്റ് നേതൃപരമായ ഉത്തരവാദിത്തങ്ങളിൽനിന്നും ആകാശ് ആനന്ദിനെ മായാവതി ഒഴിവാക്കിയിരുന്നു.
പാർട്ടി താൽപര്യങ്ങളേക്കാൾ സ്വന്തം കുടുംബപരമായ ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കും അശോക് സിദ്ധാർത്ഥ് മുൻഗണന നൽകിയെന്നും, ഇക്കാരണത്താലാണ് ആകാശ് ആനന്ദിന് തിരിച്ചടികൾ നേരിടേണ്ടി വന്നതെന്നും മായാവതി ആരോപിച്ചു.
അശോക് സിദ്ധാർത്ഥിന് തെറ്റുകൾ തിരുത്താൻ നിരവധി അവസരങ്ങൾ നൽകിയിരുന്നതാണെങ്കിലും അദ്ദേഹം ബി.എസ്.പി പ്രസ്ഥാനത്തെയോ ആകാശിന്റെ താൽപര്യങ്ങളെയോ യഥാർഥത്തിൽ പരിഗണിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. കൂടുതൽ ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും മാതൃകയാണ് അദ്ദേഹം ഇനി കാണിക്കേണ്ടതെന്നും അവർ പറഞ്ഞു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ പാർട്ടിക്ക് അതീവ നിർണായകമാണെന്ന് മായാവതി ഓർമിപ്പിച്ചു. കാൻഷി റാം തുടക്കമിട്ട ദലിത്-ബഹുജൻ പ്രസ്ഥാനത്തിന് പ്രത്യേക പ്രാധാന്യമുള്ളതാണ് ഈ സംസ്ഥാനങ്ങൾ.
സംവരണം അടക്കമുള്ള വിഷയങ്ങളിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന ഈ സാഹചര്യത്തിൽ, ദലിത് വിഭാഗത്തിൽപ്പെട്ട ആരും സ്വന്തം കുടുംബപരമായ താൽപര്യങ്ങൾക്കായി പ്രസ്ഥാനത്തിന് തടസ്സം നിൽക്കരുതെന്നും അത്തരം കാര്യങ്ങൾ ചരിത്രം പൊറുക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.