ഭാരതരത്ന ജേതാവ് സി.എൻ.ആർ. റാവുവിന്റെ പേരിലെ പ്രഫസറിൽ ഒരു ‘എഫ്’ കൂടി; എസ്.ഐ.ആർ നോട്ടീസ്
ബംഗളൂരു: വോട്ടർ പട്ടികയിലെ പേരിലെ ഒരു അക്ഷര വ്യത്യാസത്തിൽ ഭാരതരത്ന ജേതാവും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രഫ. സി.എൻ.ആർ. റാവുവിന് എസ്.ഐ.ആർ നോട്ടീസ്. കർണാടകയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനിടെയാണ് പേരിലെ പൊരുത്തക്കേട് കണ്ടെത്തിയത്.
‘Prof CNR Rao’ എന്നാണ് പഴയ വോട്ടർപട്ടികയിലെ പേര്. എന്നാൽ, നിലവിലെ പട്ടികയിൽ ‘ ‘Proff CNR Rao’ എന്നാണ് രേഖപ്പെടുത്തിയത്. ‘Prof’ എന്നതിൽ ഒരു ‘f’ അധികമായി വന്നതോടെ ‘പേരിലെ പൊരുത്തക്കേട്’ വിഭാഗത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. പേരിലെ പൊരുത്തക്കേടിനെ തുടർന്ന് സി.എൻ.ആർ. റാവുവിനോട് ബംഗളൂരുവിലെ മല്ലേശ്വരത്ത്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് സമീപം നടക്കുന്ന ഹിയറിങ്ങിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയതായാണ് വിവരം.
അതേസമയം, തങ്ങൾക്ക് ഔദ്യോഗികമായി നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സി.എൻ.ആർ റാവുവിന്റെ ഓഫിസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ കേസ് സംബന്ധിച്ച വിവരങ്ങൾ പ്രത്യക്ഷപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും നേരിട്ടോ ഇ മെയിൽ വഴിയോ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഓഫിസ് പ്രതിനിധി അറിയിച്ചു. സംഭവത്തിൽ സി.എൻ.ആർ. റാവുവിന് യാതൊരു നോട്ടീസും നൽകിയിട്ടില്ലെന്ന് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ചീഫ് കമീഷനർ എം. മഹേശ്വര റാവു പി.ടി.ഐയോട് പറഞ്ഞു.
അതേസമയം, എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പത്മശ്രീ അവാർഡ് ജേതാവും സാമൂഹിക പ്രവർത്തകനുമായ ഹരേകല ഹജബ്ബക്കും നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിനും അക്ഷരതെറ്റിന്റെ പേരിൽ സമാന അനുഭവമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഭാരതരത്ന ബഹുമതി ലഭിച്ച പ്രഫസർ സി.എൻ.ആർ റാവു, ഖരാവസ്ഥാ രസതന്ത്രം, നാനോ മെറ്റീരിയൽസ്, സ്ട്രക്ചറൽ കെമിസ്ട്രി തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് നേതൃത്വം നൽകിയ അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ രസതന്ത്രജ്ഞനാണ്. ഇന്ത്യയുടെ ശാസ്ത്ര നയങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രഫ. റാവു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശാസ്ത്ര ഉപദേശക സമിതിയിൽ അംഗമായിരുന്നു അദ്ദേഹം. പിന്നീട് രാജീവ് ഗാന്ധി, എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്‌റാൾ, മൻമോഹൻ സിങ് എന്നീ പ്രധാനമന്ത്രിമാരുടെ കീഴിൽ ശാസ്ത്ര ഉപദേശക സമിതികളുടെ തലവനായിരുന്നു.
1984 മുതൽ 1994 വരെ ഐ.ഐ.എസ്.സി ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു അദ്ദേഹം. പത്മവിഭൂഷൺ, പത്മശ്രീ, കർണാടക രത്‌ന തുടങ്ങിയ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.