ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക സുരക്ഷാ സ്കെയിലും കോൺവോയ് സൗകര്യങ്ങളും തമിഴ്‌നാട് പൊലീസ് പിൻവലിച്ചു. മുഖ്യമന്ത്രിക്ക് നൽകുന്ന സെഡ് പ്ലസ് സുരക്ഷ പ്രോട്ടോക്കോളാണ് പൊലീസ് നൽകിയിരുന്നത്.
സർക്കാർ രൂപീകരണ നീക്കം പ്രതിസന്ധിയിലായതാണ് ബുധനാഴ്ച വൈകിട്ടോടെ സുരക്ഷ പിൻവലിക്കാൻ കാരണം. വാഹന വ്യൂഹമില്ലാതെ യാത്രചെയ്യുന്ന വിജയ് യുടെ ചിത്രങ്ങൾ പുറത്തുവന്നു. വിജയിയുടെ സ്വന്തം അഭ്യർഥന പ്രകാരമാണ് സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു. അടിസ്ഥാന പൈലറ്റ് സുരക്ഷ തുടർന്നും നൽകുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ചിരുന്നു. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടി.വി.കെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. ഡി.എം.കെ സഖ്യംവിട്ട് കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സർക്കാർ രൂപീകരിക്കാൻ ആറ് സീറ്റുകൾ കൂടി വേണം. അതിനാൽ, 118 അംഗങ്ങളുടെ പിന്തുണയുമായി വരാൻ ഗവർണർ നിർദേശിക്കുകയായിരുന്നു. പിന്തുണക്കുന്ന കക്ഷികളുടെ കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ ടി.വി.കെ നേതാക്കളോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെയാണ് വിജയിയുടെ സുരക്ഷ ശക്തമാക്കിയത്. ആരാധകരുടെയും പാർട്ടി പ്രവർത്തകരുടെയും വൻ തിരക്ക് നിയന്ത്രിക്കാനാണ് സുരക്ഷ വർധിപ്പിച്ചതെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്ക് നൽകുന്നതിന് സമാനമായ സുരക്ഷാ ക്രമീകരണങ്ങളാണ് വിജയ്ക്ക് ഒരുക്കിയിരുന്നത്. നിലവിൽ കേന്ദ്ര സർക്കാർ അനുവദിച്ച വൈ കാറ്റഗറി സുരക്ഷയാണ് വിജയ്‍ക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.