ചെന്നൈ: ഇത്രയും വലിയൊരു മാനുഷിക ദുരന്തം നടന്നിട്ടും ഒരക്ഷരം പോലും പ്രതികരിക്കാതെ നടനും തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടി നേതാവുമായ വിജയ് തിരക്കിട്ട വിമാനത്താവളത്തിലേക്ക് പോയതായി റിപ്പോർട്ട്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നുള്ള വിജയ് യുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്താൻ പോലും വിജയ് തയാറായില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.വലിയൊരു മനുഷ്യക്കുരുതിക്ക് ഇടവരുത്തിയ വിജയ് യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തുവന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ്നാട് ഗവർണർ, നടൻ കമൽ ഹാസൻ എന്നിവർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാളെ പുലർച്ചെയോടെ ദുരന്തം നടന്ന കരൂരിൽ എത്തുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് മന്ത്രിമാർ സ്ഥലത്തേക്ക് തിരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. ജനങ്ങൾക്ക് ആവശ്യമായ അടിയന്തര ചികിത്സകൾ ലഭ്യമാക്കാനും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുൻ മന്ത്രി വി. സെന്തിൽ ബാലാജിയെയും, മന്ത്രി മാ. സുബ്രഹ്മണ്യനെയും നിയോഗിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ശനിയാഴ്ച രാത്രി 7.30 ഓടെയാണ് തമിഴ്നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വിജയ് യെ കാണാൻ ഉച്ചയോടെ തന്നെ ആളുകൾ എത്തിയിരുന്നു. എന്നാൽ ആറുമണിക്കൂറോളം വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. വിജയ് എത്തി ആളുകളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. കുറച്ചു സമയത്തേക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും ആർക്കും മനസിലായില്ല. ആളുകൾ കുഴഞ്ഞുവീഴുന്നു, തിക്കിലും തിരക്കിലും പെട്ട് കുറെ പേർ മരണപ്പെടുന്നു. വിജയ് എത്തിയതോടെ പ്രചാരണ വാഹനത്തിന് അടുത്തേക്ക് എത്താൻ ആളുകൾ ശ്രമം നടത്തി. ഇതിനിടയിൽ ഇവർ തെന്നിവീണു. ആളുകൾ കൂട്ടത്തോടെ വീണതോടെ പലർക്കും ഗുരുതരമായി പരിക്കേറ്റു.തുടർന്ന് വിജയ് പ്രസംഗം നിർത്തിവെച്ചു. ആളുകളോട് ശാന്തരാകാൻ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടവർക്ക് സഹായം എത്തിക്കാൻ ആംബുലൻസുകൾക്ക് വഴി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും കനത്ത ചൂടുമാണ് ആളുകൾ കുഴഞ്ഞുവീഴുന്നതിലേക്ക് നയിച്ചത്. തന്റെ പ്രത്യേക വാഹനത്തിൽ നിന്ന്‍ വിജയ് ജനക്കൂട്ടത്തിലേക്ക് കുടിവെള്ളക്കുപ്പികൾ എറിഞ്ഞു കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
വിജയ് നയിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചുവെന്നാണ് റിപ്പോർട്ടാണ് പുറത്തുവരുന്നത്. അതിൽ ഏഴുകുട്ടികളും 13സ്ത്രീകളും ഉൾപ്പെടുന്നു. മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാന തല പ്രചാരണത്തിന്റെ ഭാഗമായായിരുന്നു കരൂരിലെ റാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.