കസേരയിൽ ഇനി വെളുത്ത ടവലില്ല! ബ്രിട്ടീഷ് കാലത്തെ 'വി.ഐ.പി സംസ്‌കാരം' ഉപേക്ഷിച്ച് വിജയ്

ചെന്നൈ: തമിഴ്നാട് സർക്കാർ ഓഫീസുകളിലെ മന്ത്രിമാരുടെയും വി.ഐ.പി മാരുടെയും കസേരകളിൽ പരമ്പരാഗതമായി വിരിച്ചുവരാറുള്ള 'വെളുത്ത തൂവാല സംസ്കാരം' അവസാനിപ്പിച്ച് മുഖ്യമന്ത്രി വിജയ്. പ്രമുഖ കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കങ്കുജം വ്യാഴാഴ്ച നടത്തിയ അപ്പീലിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ തന്നെ വിജയ് ഇതിന് മാറ്റം വരുത്തി. ഔദ്യോഗിക അറിയിപ്പുകളോ പബ്ലിസിറ്റിയോ ഇല്ലാതെയായിരുന്നു വിജയിന്റെ ഈ നീക്കം.

കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കങ്കുജം വ്യാഴാഴ്ച തന്റെ എക്സിലൂടെ തമിഴ്നാട് മുഖ്യമന്ത്രിയോട് ഈ 'തൂവാല സംസ്‌കാരം' അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചിരുന്നു. മന്ത്രിമാർ മുതൽ ബ്യൂറോക്രാറ്റുകൾ വരെ, ഏറ്റവും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ പോലും തങ്ങളുടെ വി.ഐ.പി കസേരകളിൽ വെളുത്ത ടവൽ വിരിക്കുന്ന ശീലം തുടർന്നുപോരുന്നത് ലിസിപ്രിയ ശ്രദ്ധയിൽപ്പെടുത്തി. ഈ ശീലം ഉപേക്ഷിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി മുന്നിട്ടിറങ്ങി ഒരു പുതിയ മാതൃക കാണിക്കണമെന്ന് ലിസിപ്രിയ ആവശ്യപ്പെട്ടു.

ഈ അപ്പീലിനോട് മുഖ്യമന്ത്രി വിജയിയുടേയോ തമിഴ്നാട് സർക്കാരിന്റെയോ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ഉണ്ടായില്ല. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക മീറ്റിങ്ങുകളിൽ നിന്നുള്ള ചിത്രങ്ങൾ വ്യക്തമായ മാറ്റം കാണിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന വ്യവസായ വികസന വകുപ്പിന്റെ അവലോകന യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി വിജയിയുടെ കസേരയിൽ പരമ്പരാഗതമായ വെളുത്ത ടവൽ വിരിച്ചിരിക്കുന്ന ചിത്രങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിരുന്നു.

ഈ മിന്നൽ മാറ്റം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇന്ത്യൻ ബ്യൂറോക്രസിയിലും രാഷ്ട്രീയത്തിലും നിലനിന്നിരുന്ന കാലപ്പഴക്കമുള്ള 'വി.ഐ.പി സംസ്‌കാരത്തിന്' നേരെ മുഖ്യമന്ത്രി വിജയ് നടത്തിയ പ്രതീകാത്മകമായ തിരുത്തൽ നടപടിയായാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. തന്റെ വാക്കുകൾക്ക് പ്രാധാന്യം നൽകിയ മുഖ്യമന്ത്രിക്ക് ലിസിപ്രിയ കങ്കുജം നന്ദി അറിയിക്കുകയും ചെയ്തു. സാധാരണ ജനങ്ങളുടെ ശബ്ദം കേൾക്കാൻ അദ്ദേഹം തയാറാകുന്നുണ്ടെന്ന് ഈ നടപടി തെളിയിക്കുന്നുവെന്ന് അവർ പറഞ്ഞു.

ഇന്ത്യൻ സർക്കാർ ഓഫീസുകളിൽ കസേരകൾക്ക് മുകളിൽ വെളുത്ത ടവൽ വിരിക്കുന്ന ശീലം ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ചതാണ്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തലയിൽ ഉപയോഗിച്ചിരുന്ന മക്കാസർ ഓയിൽ കസേരകളിലെ ഉന്നത നിലവാരമുള്ള തേക്ക് മരപ്പണികളിലും ലെതർ മെറ്റീരിയലുകളിലും പറ്റിപിടിച്ച് കറയാകാതിരിക്കാൻ വേണ്ടിയാണ് ഈ ടൗവലുകൾ ഉപയോഗിച്ചു തുടങ്ങിയത്. ഇതിനെ 'ആന്റി-മക്കാസേഴ്സ്' എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ഈ ശീലം ഒരു സുരക്ഷാ ക്രമീകരണത്തിൽ നിന്നും ബ്യൂറോക്രസിയിലെ അധികാര ശ്രേണിയുടെ പ്രതീകമായി മാറുകയായിരുന്നു.

Tags:    
News Summary - Vijay Removes White Towel Tradition From CM Chair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.