ന്യൂഡൽഹി: വിമാനത്തിൽ സാൻവിച്ച് വിതരണം ചെയ്തപ്പോൾ അപമര്യാദയായി സംസാരിച്ചയാളോട് പൊട്ടിത്തെറിച്ച് എയർഹോസ്റ്റസ്. ഞാൻ നിങ്ങളുടെ വേലക്കാരിയല്ലെന്നും വിമാനത്തിലെ ജീവനക്കാരിയാണെന്നും എയർഹോസ്റ്റസ് പറയുന്ന വീഡിയോ ട്വിറ്ററിൽ ട്രെൻഡിങ്ങായി. ഡിസംബർ 16 ന് ഇസ്താംബൂളിൽനിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ 6E 12 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
എയർഹോസ്റ്റസും യാത്രക്കാരനുംതമ്മിലുള്ള രൂക്ഷമായ വാക്കുതർക്കമാണ് വിഡിയോയിലുള്ളത്. യാത്രക്കാരൻ ജീവനക്കാരോട് പരുഷമായി സംസാരിച്ചുവെന്നും ഇത് ഒരു എയർഹോസ്റ്റസിനെ കരയിച്ചുവെന്നും ക്രൂ അംഗം വിഡിയോയിൽ പറയുന്നുണ്ട്. ‘നിങ്ങൾ എനിക്ക് നേരെ വിരൽ ചൂണ്ടി എന്നോട് ആക്രോശിക്കുന്നു. നിങ്ങൾ കാരണം എന്റെ കൂടയെുള്ള ജോലിക്കാർ കരഞ്ഞു. ദയവായി മനസിലാക്കുക, ഇവിടെ നിങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം മാത്രമേ ലഭ്യമാകൂ.. അത് മാത്രമേ ഞങ്ങൾക്ക് വിളമ്പാൻ കഴിയൂ..." എന്ന് എയർഹോസ്റ്റസ് പറഞ്ഞുതീരുംമുമ്പ് യാത്രക്കാരൻ വീണ്ടും അവൾക്കെതിരെ ദേഷ്യപ്പെട്ട് സംസാരിച്ചു. "നീ എന്തിനാണ് അലറുന്നത്?" എന്നായിരുന്നു അയാളുടെ ചോദ്യം. നിങ്ങൾ ഞങ്ങളോട് ആക്രോശിക്കുന്നതിനാലാണെന്ന് എയർഹോസ്റ്റസ് മറുപടി പറയുന്നുണ്ട്. ഇതിനിടെ സഹപ്രവർത്തക ഇടപെട്ട് എയർഹോസ്റ്റസിനെ ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യാത്രക്കാരനും എയർഹോസ്റ്റസും പരസ്പരം വാഗ്വാദം തുടർന്നു.
"ക്ഷമിക്കണം, ജോലിക്കാരോട് ഇങ്ങനെ സംസാരിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ആദരവോടെയും ശാന്തമായും കേട്ടിരുന്നു. തിരിച്ച് നിങ്ങളും ജോലിക്കാരോട് ബഹുമാനം കാണിക്കണം’ എന്ന് എയർഹോസ്റ്റസ് പറഞ്ഞു. "എവിടെയാണ് ഞാൻ ജോലിക്കാരെ അനാദരിച്ചത്?" എന്നായി യാത്രക്കാരൻ.
‘പിന്നെ താൻ ആക്രോശിച്ചതും വിരൽചൂണ്ടിയതും എന്താണെന്ന്’ എയർഹോസ്റ്റസ് ചോദിച്ചപ്പോൾ "നീയാണ് ആക്രോശിച്ചത്. വായടക്കൂ" എന്നായിരുന്നു അയാളുടെ മറുപടി. ‘നീ വായടക്കൂ, ഞാൻ കമ്പനിയിലെ ജീവനക്കാരിയാണ്. തനിക്ക് ഇങ്ങനെ സംസാരിക്കാൻ അർഹതയില്ല’ എന്ന് ജീവനക്കാരി തിരിച്ചടിച്ചു. ‘നിങ്ങൾ ഓർഡർ ചെയ്ത ഭക്ഷണമേ വിളമ്പാൻ പറ്റൂ. നിങ്ങളുടെ ബോർഡിങ് പാസിൽ സാൻവിച്ചാണ് ഓർഡർ ചെയ്തതായി കാണുന്നത്’ -എന്ന് എയർ ഹോസ്റ്റസ് പറഞ്ഞു. നിങ്ങൾ ഞങ്ങളുടെ വേലക്കാരാണ് എന്നായിരുന്നു ഇതിന് യാത്രക്കാരനെറ മറുപടി. ഇതോടെ കൂടുതൽ പ്രകോപിതയായ ജീവനക്കാരി ‘ഞാൻ കമ്പനിയിലെ ജോലിക്കാരിയാണ്, നിങ്ങളുടെ വേലക്കാരിയല്ല’ എന്ന് പറഞ്ഞു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഘട്ടം എത്തിയതോടെ സഹജീവനക്കാരി ഈ എയർഹോസ്റ്റസിനെ വിമാനത്തിന്റെ കാബിനിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
മുൻകൂട്ടി ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാരന് സാൻവിച്ച് ലഭിച്ചപ്പോൾ അത് തണുത്തതാണെന്നും മാറ്റിത്തരണമെന്നും ആവശ്യപ്പെട്ട് ബഹളം വെച്ചതാണ് സംഭവത്തിന് കാരണമായതെന്ന് വിമാനത്തിൽ സഹയാത്രികനായിരുന്നയാൾ പറഞ്ഞു. “അദ്ദേഹം വളരെ അക്ഷമനായിരുന്നു, കുറഞ്ഞ നിരക്കിലുള്ള വിമാനത്തിൽ മുൻകൂട്ടി ബുക്ക് ചെയ്‌ത ഭക്ഷണം മാത്രമേ ലഭിക്കൂ എന്ന് അയാൾ മനസ്സിലാക്കിയിട്ടില്ല” -യാത്രക്കാരൻ പറഞ്ഞു.
സംഭവത്തെ കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചതായി ‘മിന്റ്’ റിപ്പോർട്ട് ചെയ്തു. എന്താണ് സംഭവിച്ചതെന്നന് പരിശോധന നടത്തുമെന്ന് ഇൻഡിഗോയും പ്രസ്താവനയിൽ പറഞ്ഞു. "2022 ഡിസംബർ 16 ന് ഇസ്താംബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള 6E 12 വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. യാത്രക്കാർ തെരഞ്ഞെടുത്ത ഭക്ഷണവുമായി ബന്ധപ്പെട്ടതാണ് പ്രശ്നം. ഇൻഡിഗോ ഉപഭോക്താക്കൾക്ക് മാന്യമായ സേവനം നൽകും. സംഭവത്തെ കുറിച്ച് ഞങ്ങൾ പരിശോധിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സൗകര്യങ്ങൾക്കാണ് എല്ലായ്പ്പോഴും ഞങ്ങളുടെ മുൻഗണന. എല്ലായ്‌പ്പോഴും മികച്ച സേവനം നൽകാൻ പ്രതിജ്ഞാബദ്ധരാണ്’ -പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.