'ആധാർ കാർഡ് പരിശോധിച്ച് മുസ്‍ലിം അല്ലെന്ന് ഉറപ്പ് വരുത്തണം'; നവരാത്രി പരിപാടികളിൽ അന്യമതസ്തരുടെ പ്രവേശനം വിലക്കണമെന്ന് വിഎച്ച്പി

മുംബൈ: വരാനിരിക്കുന്ന നവരാത്രി ആഘോഷങ്ങളിലേക്ക് ഇനി ഒരു മാസം മാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്രയിൽ ഗർബ, ദാന്ധിയ പരിപാടികളിൽ മുസ്ലീങ്ങളുടെ പങ്കാളിത്തം പൂർണ്ണമായും തടയണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. സംസ്ഥാനത്ത് നടക്കുന്ന ഇത്തരം നൃത്തപരിപാടികളിൽ പങ്കെടുക്കുന്നവരുടെ ഹിന്ദു ഐഡന്റിറ്റി കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സംഘാടകർക്ക് സംഘടന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 11-ന് ആരംഭിക്കാനിരിക്കുന്ന നവരാത്രി ആഘോഷങ്ങളുടെ മുന്നോടിയായാണ് വിഎച്ച്പിയുടെ ഈ പുതിയ നീക്കം വലിയ വിമർശനത്തിന് കാരണമായത്.

നവരാത്രി എന്നത് കേവലം പാട്ടുകളും നൃത്തവും മാത്രമല്ലെന്നും അത് സാക്ഷാൽ ദേവിയെ ആരാധിക്കുന്ന ഉത്സവമാണെന്നും വിഎച്ച്പി വക്താവും ജോയിന്റ് സെക്രട്ടറിയുമായ ശ്രീരാജ് നായർ വ്യക്തമാക്കി. വിഗ്രഹ ആരാധനയെ എതിർക്കുന്നവർ എന്തിനാണ് ഇത്തരം ഹൈന്ദവ ചടങ്ങുകളിൽ പങ്കെടുക്കുന്നതെന്നാണ് സംഘടനയുടെ ന്യായീകരണം. ഇതിന്റെ ഭാഗമായി പരിപാടികളിൽ പങ്കെടുക്കുന്നവരുടെ ആധാർ കാർഡുകൾ പരിശോധിക്കണമെന്നും പ്രവേശന കവാടത്തിൽ വെച്ച് നെറ്റിയിൽ തിലകം ചാർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംഘാടകർക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

എന്നാൽ ഇത് ഏതെങ്കിലും ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും മറിച്ച് മതപരമായ ആചാരങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടി മാത്രമാണെന്നുമാണ് സംഘടനയുടെ വിശദീകരണം. തങ്ങളുടെ വിശ്വാസങ്ങളോടും ആചാരരീതികളോടും യോജിക്കാത്തവരുമായ ആളുകൾക്കായി മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ കഴിയില്ലെന്നും വിഎച്ച്പി വ്യക്തമാക്കുന്നു. മുസ്‍ലിംങ്ങൾക്ക് ഈ ആഘോഷങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ കുടുംബാംഗങ്ങൾക്കൊപ്പമോ അല്ലെങ്കിൽ സ്വന്തം വീടുകളിലോ പള്ളികളിലോ ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കാമെന്നും ശ്രീരാജ് നായർ കൂട്ടിച്ചേർത്തു.

Tags:    
News Summary - VHP demands ban on entry of people of other religions in Navratri programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.