യാസ്മിൻ ഫാറൂഖി

'സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് ഇസ്‌ലാം പറയുന്നില്ല'; കാന്തപുരത്തിന്റെ പ്രസ്താവന തള്ളി എസ്ഡിപിഐ ദേശീയ ജന.സെക്രട്ടറി യാസ്മിൻ ഫാറൂഖി

ന്യൂഡൽഹി: സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങരുതെന്നും വീടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ). സ്ത്രീകൾ വീടിനുള്ളിൽ അടങ്ങിയിരിക്കേണ്ടവരാണെന്ന് ഇസ്‌ലാമിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് എസ്ഡിപിഐക്ക് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ലെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി യാസ്മിൻ ഫാറൂഖി വ്യക്തമാക്കി.

സ്ത്രീകളെ ആഭരണങ്ങൾ പോലെ വീടിനുള്ളിൽ അടച്ചിടണമെന്ന വാദം തികച്ചും തെറ്റാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിന്റെ പേരിലാണ് ഇത്തരം പ്രതിലോമകരമായ പരാമർശങ്ങൾ നടത്തുന്നതെങ്കിൽ അതിനെ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. മതത്തിൽ എവിടെയും സ്ത്രീകൾ പൊതുവിടങ്ങളിൽ നിന്ന് മാറി വീടുകളിൽ ഒതുങ്ങിക്കൂടണമെന്ന് അനുശാസിക്കുന്നില്ല. രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായ തുല്യാവകാശങ്ങളുണ്ട്. മതത്തിന്റെ ലേബലിൽ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് സ്ത്രീകളെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നതിനെതിരെ പാർട്ടി ശക്തമായി പ്രതികരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഇസ്‌ലാമിക ചരിത്രത്തിൽ സ്ത്രീകൾ വഹിച്ച മഹത്തായ സംഭാവനകളെ കാന്തപുരം ബോധപൂർവം വിസ്മരിക്കുകയാണെന്ന് യാസ്മിൻ ഫാറൂഖി കുറ്റപ്പെടുത്തി. പ്രവാചകന്റെ ഭാര്യമാർ അടക്കമുള്ള സ്ത്രീകളുടെ സാമൂഹിക ജീവിതത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രതികരണം. 'പ്രവാചകൻ മുഹമ്മദ് നബിയുടെ ഭാര്യ ഖദീജ ബീവി അന്നത്തെ ഏറ്റവും വലിയ ബിസിനസുകാരിയായിരുന്നുവെന്നും ലോകത്തിലെ ആദ്യത്തെ സർവകലാശാലകളിലൊന്ന് മൊറോക്കോയിൽ സ്ഥാപിച്ചത് ഫാത്തിമ അൽ ഫിഹ്‌രി എന്ന വനിതയായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഈ ചരിത്ര യാഥാർത്ഥ്യങ്ങളെല്ലാം നിലനിൽക്കെയാണ് സ്ത്രീവിരുദ്ധ വാദങ്ങളുമായി ചിലർ രംഗത്തിറങ്ങുന്നത് എന്നും അവർ വിമർശിക്കുന്നു.

കാന്തപുരത്തിന്റേത് ഒരു പണ്ഡിതന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്ന മുസ്‌ലിം ലീഗിന്റെ പ്രതികരണത്തെയും യാസ്മിൻ ഫാറൂഖി തള്ളി. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ രാഷ്ട്രീയ ലാഭങ്ങളും നിലപാടുകളും ഉണ്ടാകാമെന്നും എന്നാൽ എസ്ഡിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടാണ് താൻ പറയുന്നതെന്നും അവർ വ്യക്തമാക്കി. 

Tags:    
News Summary - ‘Women Aren’t Meant to Stay Home’: SDPI Rejects Kanthapuram’s Controversial Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.