വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ
ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ ഔദ്യോഗിക ഭൂപടപ്രകാരം ചിത്രീകരിക്കണം; യു.എൻ ഭൂപട പ്രമേയത്തിൽ ഇന്ത്യ
ന്യൂഡൽഹി: ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന രീതിയിൽ തന്നെ ചിത്രീകരിക്കണമെന്ന് ഇന്ത്യ. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംബന്ധിച്ച നിലപാട് മാറ്റമില്ലാത്തതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ലോകഭൂപടത്തിൽ വിവിധ ഭൂഭാഗങ്ങളുടെ ആപേക്ഷിക വിസ്തീർണം കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന തുല്യ വിസ്തീർണ ഭൂപട പ്രൊജക്ഷനുകൾ പ്രോത്സാഹിപ്പിക്കുന്ന യു.എൻ പൊതുസഭയുടെ ‘കറക്ട് ദ മാപ്പ്’ പ്രമേയത്തെയാണ് ഇന്ത്യ പിന്തുണച്ചത്. സെപ്റ്റംബർ നാലിനാണ് പ്രമേയം അംഗീകരിച്ചത്.
പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തെങ്കിലും വോട്ടിനുള്ള വിശദീകരണത്തിൽ ഇന്ത്യയുടെ നിലപാട് പ്രത്യേകം വ്യക്തമാക്കിയതായി ജയ്‌സ്വാൾ പറഞ്ഞു. തുല്യ വിസ്തീർണത്തിലുള്ള ഭൂപട പ്രൊജക്ഷനുകൾ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പ്രമേയത്തിന്റെ ലക്ഷ്യം. ഇത് ഏതെങ്കിലും പ്രത്യേക ഭൂപടത്തെയോ പ്രൊജക്ഷനെയോ ദേശീയ അതിർത്തികളുടെ ചിത്രീകരണത്തെയോ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുൾപ്പെടെയുള്ള ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങൾ ഔദ്യോഗിക ഇന്ത്യൻ ഭൂപടത്തിന് അനുസൃതമായി തന്നെ ചിത്രീകരിക്കണം. കൃത്യതയില്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ചിത്രീകരണം അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംബന്ധിച്ച നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്നും ജയ്‌സ്വാൾ പറഞ്ഞു.
പതിനാറാം നൂറ്റാണ്ടിൽ വികസിപ്പിച്ച മെർക്കേറ്റർ പ്രൊജക്ഷനിൽ ധ്രുവപ്രദേശങ്ങളോട് ചേർന്നുള്ള ഭൂഭാഗങ്ങൾ യഥാർഥ വലുപ്പത്തേക്കാൾ വലുതായി കാണപ്പെടും. ഇതിന് പകരം ഭൂവിസ്തൃതികളുടെ ആപേക്ഷിക വലുപ്പം കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ‘ഈക്വൽ ഏർത്ത്’ പോലുള്ള പ്രൊജക്ഷനുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് യു.എൻ പ്രമേയത്തിന്റെ ലക്ഷ്യം. നിലവിലുള്ള ഭൂപടങ്ങൾ നിരോധിക്കുകയോ ഒരു പ്രത്യേക പ്രൊജക്ഷൻ നിർബന്ധമാക്കുകയോ പ്രമേയം ചെയ്യുന്നില്ല.
164 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്താണ് പ്രമേയം പാസായത്. എസ്തോണിയ, ജോർജിയ, ലിത്വാനിയ, മോൾഡോവ, സെർബിയ, യുക്രെയ്ൻ എന്നീ ആറ് രാജ്യങ്ങൾ വിട്ടുനിന്നു. അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്.
മെർക്കേറ്റർ പ്രൊജക്ഷനിൽ ഗ്രീൻലാൻഡും ആഫ്രിക്കയും ഏകദേശം ഒരേ വലുപ്പത്തിലുള്ളതായി തോന്നുമെങ്കിലും, യഥാർഥത്തിൽ ആഫ്രിക്കയുടെ വിസ്തീർണം ഗ്രീൻലാൻഡിന്റേതിന്റെ ഏകദേശം 14 മടങ്ങാണ്. അതുപോലെ, അലാസ്കയും ബ്രസീലും ഭൂപടത്തിൽ സമാന വലുപ്പത്തിൽ കാണപ്പെടാമെങ്കിലും ബ്രസീലിന്റെ വിസ്തീർണം അലാസ്കയുടേതിന്റെ ഏകദേശം അഞ്ചിരട്ടിയാണ്. ഭൂമിയിലെ വിവിധ പ്രദേശങ്ങളുടെ യഥാർഥ ആപേക്ഷിക വലുപ്പം കൂടുതൽ കൃത്യമായി അവതരിപ്പിക്കുകയാണ് പ്രമേയത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.