'മഹാരാഷ്ട്രയിൽമാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാർഥികൾ'; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അഭിജിത് ദിപ്കെ
മുംബൈ: ഇന്ത്യയിലെ ആദിവാസി വിദ്യാർഥികൾ നേരിടുന്ന ദയനീയമായ ജീവിത സാഹചര്യങ്ങളും മോശമായ ഭക്ഷണരീതിയും ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അർദ്ധരാത്രി പാകം ചെയ്ത് അടുത്ത ദിവസം ഉച്ചക്ക് വിളമ്പുന്ന പഴകിയ ഭക്ഷണമാണ് പലയിടത്തും ഈ വിദ്യാർഥികൾക്ക് നൽകുന്നതെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികാരികൾ പൂർണമായും പരാജയപ്പെട്ടതു കാരണം പാവപ്പെട്ട വിദ്യാർഥികൾക്ക് കട്ടിലിൽ കിടന്നുറങ്ങാൻ പോലും കഴിയാതെ നിലത്തു കിടക്കേണ്ടി വരുന്ന ഗുരുതുരാവസ്ഥയും അദ്ദേഹം എടുത്തുപറഞ്ഞു.
വിദ്യാർഥികൾക്ക് അന്തസ്സോടെയുള്ള ജീവിതവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടത് ഔദാര്യമല്ല, മറിച്ച് അവരുടെ അടിസ്ഥാന അവകാശമാണെന്ന് അഭിജിത് ഓർമ്മിപ്പിച്ചു. മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളുകളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 590-ലധികം ആദിവാസി വിദ്യാർഥികൾ മരണപ്പെട്ടതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളും അദ്ദേഹം പുറത്തുവിട്ടു.
എന്നാൽ ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ടിട്ടും ബന്ധപ്പെട്ട കുടുംബങ്ങൾക്ക് വെറും രണ്ട് ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി നൽകിയത്. ചില രാഷ്ട്രീയക്കാർ തങ്ങളുടെ വളർത്തു മൃഗങ്ങൾക്കായി ഒരു വർഷം ചെലവഴിക്കുന്ന തുകയേക്കാൾ വളരെ കുറവാണ് ഈ പാവപ്പെട്ട വിദ്യാർഥികളുടെ ജീവന്റെ വിലയെന്ന് അദ്ദേഹം വിമർശിച്ചു.
മഹാരാഷ്ട്രയിലെ നാസിക്കിൽ കഴിഞ്ഞ 12 ദിവസമായി നിരാഹാര സമരം നടത്തുന്ന ആദിവാസി വിദ്യാർഥികളെ അഭിജിത് ദിപ്കെ നേരിട്ട് സന്ദർശിച്ചിരുന്നു. വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചെങ്കിലും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമാണെങ്കിൽ വിദ്യാർഥികൾക്കൊപ്പം മുംബൈയിലേക്ക് ശക്തമായ മാർച്ചുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.