ക്രിസ്ത്യാനികളെയും മുസ്‍ലിംകളെയും ബഹിഷ്‍കരിക്കാൻ ബി.ജെ.പി, വി.എച്ച്.പി നേതൃത്വത്തിൽ നടുറോഡിൽ പ്രതിജ്ഞ

ഛത്തീസ്ഗഡ്: “മുസ്‍ലിംകളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും ഞങ്ങൾ ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങില്ല, ഭൂമി വിൽക്കുകയോ വാടകക്ക് കൊടുക്കുകയോ ചെയ്യില്ല” -കൂട്ടത്തിലൊരാൾ ‘പ്രതിജ്ഞ’ ചൊല്ലിക്കൊടുത്തു, ചുറ്റിലും അണിനിരന്ന നൂറുകണക്കിനാളുകൾ അത് ഏറ്റുചൊല്ലി. വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബി.ജെ.പി നേതാക്കൾ നേതൃത്വം നൽകിയ വിദ്വേഷപരിപാടിയിലാണ് മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാൻ പ്രതിജ്ഞയെടുപ്പിച്ചത്. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ ജഗദൽപൂർ പട്ടണത്തിലാണ് സംഭവം.

നടുറോഡിലായിരുന്നു വർഗീയമുദ്രാവാക്യങ്ങൾ നിറഞ്ഞ ബഹിഷ്‍കരണ പ്രതിജ്ഞ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “മുസ്‍ലിം അല്ലെങ്കിൽ ക്രിസ്ത്യൻ കടയുടമയിൽ നിന്ന് ഞങ്ങൾ ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങില്ല. ഹിന്ദുക്കളായ ഞങ്ങളുടെ ഭൂമി ഒരു മുസ്ലീമിനോ ക്രിസ്ത്യാനിക്കോ വിൽക്കുകയോ വാടകയ്‌ക്ക് കൊടുക്കുകയോ ചെയ്യില്ല. ഇതിനകം വാടകക്ക് നൽകിയ സ്ഥലങ്ങൾ ഞങ്ങൾ തിരികെ എടുക്കും. ഞങ്ങൾ ഹിന്ദുക്കൾ മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം പ്രവർത്തിക്കില്ല” എന്നിങ്ങനെയാണ് പ്രതിജ്ഞ. മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും തങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്നും ഇവർ സത്യം ചെയ്യുന്നുണ്ട്.

ഛത്തീസ്ഗഡിലെ ബെമെതാരയിലെ ബിരാൻപൂർ ഗ്രാമത്തിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു യുവാവിന്റെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വി.എച്ച്.പിയുടെ നേതൃത്വത്തിൽ കടുത്ത വർഗീയ ചേരിതിരിവിനിടയാക്കുന്ന പരിപാടി സംഘടിപ്പിച്ചത്.

വിശ്വഹിന്ദു പരിഷത്തിന്റെ ബസ്തർ തലവൻ മുകേഷ് ചന്ദക്കാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുസ്‍ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർ ഉൾപ്പെടുന്നവരെ സാമ്പത്തികമായി ബഹിഷ്‌കരിക്കുമെന്നത് എല്ലാ ഹിന്ദുക്കളും ഏറ്റെടുത്ത തീരുമാനമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ലഖിധർ ബാഗേൽ പറഞ്ഞു. ജഗദൽപൂരിൽ നിന്ന് ആരംഭിച്ച ഈ ദൗത്യം ഇന്ത്യ മുഴുവൻ വ്യാപിക്കുമെന്നും ലഖിധർ പറഞ്ഞു.

ബി.ജെ.പി നേതാവും ബസ്തർ മുൻ എംപിയുമായ ദിനേശ് കശ്യപ്, ബസ്തർ രാജകുടുംബത്തിലെ രാജകുമാരനും യുവജന കമ്മീഷൻ മുൻ ചെയർമാനുമായ കമൽചന്ദ് ഭഞ്ജ്‌ദേവ്, ബി.ജെ.പി വക്താവ് സഞ്ജയ് പാണ്ഡെ, ബി.ജെ.പി നേതാവ് യോഗേന്ദ്ര പാണ്ഡെ എന്നിവരും വി​ദ്വേഷപ്രതിജ്ഞയിൽ പ​ങ്കെടുത്തു.

പരിപാടിക്കെതിരെ റാസ യൂണിറ്റി ഫൗണ്ടേഷൻ രംഗത്തെത്തി. വി.എച്ച്.പിയുടെ നേതൃത്വത്തിൽ ഭരണഘടനയെ പരസ്യമായി എതിർക്കുകയാണെന്നും പോലീസും ഭരണകൂടവും നോക്കുകുത്തിയാണെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ ആരോപിച്ചു. 

Tags:    
News Summary - VHP And BJP Workers In Chhattisgarh Oath Of Economic Boycott Muslims And Christian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.