പെണ്ണ് കിട്ടാത്ത നിരാശയിൽ പൊലീസ് വേഷത്തിലുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു: പുണെയിൽ പൊലീസായി ആൾമാറാട്ടം നടത്തിയ പച്ചക്കറി വ്യാപാരി അഴിക്കുള്ളിൽ
പുണെ: വിവാഹം നടക്കാനായി പൊലീസുദ്യോഗസ്ഥനായി ചമഞ്ഞ പച്ചക്കറി വ്യാപാരി പിടിയിൽ. നഗരത്തിലുട നീളം താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് കാണിച്ച് പോസ്റ്ററുകൾ പതിപ്പിച്ച ഇയാൾക്കെതിരെ പോലീസ് ആൾമാറാട്ടത്തിന് കേസെടുത്തു. പുണെ നർഹെ റോഡ് സ്വദേശിയായ ഋഷികേശ് രാജു ജാദവാണ്(26) പോലീസിനെ പറ്റിച്ച് പുലിവാല് പിടിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ചതിന് പുറമെ, പൊലീസ് യൂണിഫോമിലുള്ള ചിത്രങ്ങൾ തന്റെ വാട്സാപ്പ് സ്റ്റാറ്റസായും ഇയാൾ പങ്കുവെച്ചിരുന്നു.
പെൺകുട്ടികളെയും അവരുടെ കുടുംബങ്ങളെയും സ്വാധീനിക്കുക എന്നതായിരുന്നു യുവാവിന്‍റെ ബുദ്ധിശൂന്യമായ പ്രവർത്തിക്കു പിന്നിലെ ലക്ഷ്യം. വിവാഹം നടക്കാത്തതിലുള്ള നിരാശ കാരണമാണ് ഇത്തരമൊരു വഴി തിരഞ്ഞെടുത്തതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. `ഇതിനെകുറിച്ച് ചോദിച്ചപ്പോൾ തനിക്ക് വിവാഹം കഴിക്കാൻ സാധിക്കുന്നില്ലെന്നാണ് പ്രതി പറഞ്ഞത്. തനിക്കൊരു ജോലിയുണ്ടെന്ന് വരുത്തിത്തീർക്കാൻ അയാൾ ഈ നുണ മെനയുകയായിരുന്നു. അതിനാൽ പൊലീസ് നിയമനടപടി സ്വീകരിച്ചു' പൊലീസ് ഉദ്യോഗസ്ഥനായ സംഭാജി കദം അറിയിച്ചു.
അനധികൃത ബാനറുകൾക്കെതിരെ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കള്ളം വെളിച്ചത്തായത്. പൊലീസ് സേനയിലേക്ക് ഇയാൾ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും മറ്റുള്ളവരെ വഞ്ചിക്കാൻ വ്യാജ അവകാശവാദം ഉന്നയിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.