ഭോപ്പാൽ: കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മധ്യപ്രദേശ് നിയമസഭ ഏക സിവിൽ കോഡ് ബിൽ പാസാക്കി. ഇതോടെ ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഏകസിവിൽ കോഡ് കൊണ്ടുവരുന്ന നാലാമത്തെ ബി.ജെ.പി ഭരണ സംസ്ഥാനമായി മധ്യപ്രദേശ് മാറി.
‘ഹിന്ദുക്കളുടെ താൽപര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നവർക്ക് മാത്രമേ രാജ്യം ഭരിക്കാൻ കഴിയൂ’ എന്ന് ബി.ജെ.പി അംഗങ്ങൾ നിയമസഭയിൽ മുദ്രാവാക്യം മുഴക്കി. ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ സഭയിൽ ഭരണപക്ഷാംഗങ്ങൾ മുഴക്കിയതോടെ സഭാ നടപടികൾ പ്രക്ഷുബ്ധമായി.
അനന്തരാവകാശ നിയമം, ബഹുഭാര്യത്വം, വിവാഹ നിയമങ്ങൾ, ലിവ് ഇൻ റിലേഷൻ, ദത്തെടുക്കൽ തുടങ്ങിയ നിയമങ്ങളിൽ ഏക സിവിൽ കോഡ് പ്രാബല്യത്തിൽ വരുന്നതോടെ കാതലായ മാറ്റം വരും. എന്നാൽ, ഗോത്രവർഗക്കാരെ ഏക സിവിൽ കോഡ് നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ഇവർക്ക് ഈ നിയമങ്ങൾ ബാധകമാകില്ല.
104 പേജുള്ള ബില്ലിൽ ലിവ്-ഇൻ റിലേഷൻ സംബന്ധിച്ചും നിർണായക വ്യവസ്ഥകളുണ്ട്. പങ്കാളികൾ താമസിക്കുന്ന ജില്ലയിൽ തന്നെ തങ്ങളുടെ ബന്ധം നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ മൂന്ന് വർഷം തടവ് ശിക്ഷയടക്കം വ്യവസ്ഥ ചെയ്യുന്നു. ലിവ് ഇൻ റിലേഷൻ ബന്ധം വേർപിരിയുകയാണെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കണം. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് വിവാഹിതരെ പോലെ ജീവനാംശത്തിനുള്ള അവകാശവും ബില്ല് ഉറപ്പുനൽകുന്നു.
ഗോത്രവിഭാഗങ്ങളെ ഏകസിവിൽ കോഡിൽനിന്ന് ഒഴിവാക്കിയത് പോലെ ന്യൂനപക്ഷങ്ങളെയും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് നിയമസഭയിൽ ആവശ്യപ്പെട്ടു. ഒബിസി സംവരണത്തിന് മുൻഗണന വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഏകസിവിൽ കോഡിനേക്കാൾ ഒബിസി വിഭാഗങ്ങൾക്കുള്ള 27 ശതമാനം സംവരണം നടപ്പിലാക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഉമാംഗ് സിംഗർ ആവശ്യപ്പെട്ടു.
ബില്ലിനെക്കുറിച്ച് പഠിക്കാൻ എം.എൽ.എമാർക്ക് മതിയായ സമയം ലഭിച്ചില്ലെന്നും അതിനാൽ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പാർലമെന്റ് ദേശീയ തലത്തിൽ ഏക സിവിൽ കോഡ് കൊണ്ടുവരുന്നതിന് മുൻപ് സംസ്ഥാനങ്ങൾ ഇത്തരത്തിൽ നിയമനിർമ്മാണം നടത്തുന്നത് ശരിയല്ലെന്നും പ്രതിപക്ഷം വാദിച്ചു. കരട് ബില്ലിന്മേൽ 10 ലക്ഷത്തിലധികം പൊതുജനാഭിപ്രായങ്ങൾ ലഭിച്ചുവെന്ന സർക്കാരിന്റെ അവകാശവാദത്തെയും ആരിഫ് മസൂദ് എം.എൽ.എ ചോദ്യം ചെയ്തു.
ഒരു രാജ്യം, ഒരു നിയമം എന്ന കാഴ്ചപ്പാടിന് അനുസൃതമാണ് ഏക സിവിൽ കോഡ് നടപ്പാക്കുന്നതെന്ന് നഗരവികസന മന്ത്രി കൈലാഷ് വിജയവർഗിയ പറഞ്ഞു. മുൻ സർക്കാരുകൾ മുസ്‍ലിം പ്രീണന രാഷ്ട്രീയമാണ് നടത്തിയതെന്ന് ‘ജയ് ശ്രീറാം’ വിളികളോടെ പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. പൊതുജനാഭിപ്രായം തേടിയപ്പോൾ ഭൂരിഭാഗം ന്യൂനപക്ഷ സ്ത്രീകളും ഈ നിയമനിർമ്മാണത്തെ അനുകൂലിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.