ചെന്നൈ : വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രിയാകുമായിരുന്നെന്നും ജനഹൃദയങ്ങളിൽ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നും ഭാര്യ മുത്തുലക്ഷ്മി. വീരപ്പൻ ജീവിച്ചിരുന്നാൽ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാകുമെന്ന ആശങ്ക നേതാക്കൾക്കുണ്ടായിരുന്നു. അതാണ് വീരപ്പനെ വെടിവച്ചുകൊല്ലാൻ ഉത്തരവിറക്കിയത്. മരം മുറിച്ചതും മൃഗങ്ങളെ വേട്ടയാടിയതും ഒപ്പമുള്ളവരെ സംരക്ഷിക്കാനായിരുന്നു. പാവപ്പെട്ടവരുടെ ശബ്ദമായിരുന്നു വീരപ്പൻ. മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും വീരപ്പൻ ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മകൾക്ക് കിട്ടിയ ഒരുലക്ഷത്തിലേറെ വോട്ട് അതിന്റെ തെളിവാണ്. ജനവിധി തേടുന്ന കൃഷ്ണഗിരിയിൽ ഇത്തവണ തനിക്ക് വിജയം ഉറപ്പാണെന്നും മുത്തുലക്ഷ്മി പറഞ്ഞു.
കൊല്ലപ്പെട്ട വനംകൊള്ളക്കാരൻ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും മകൾ വിദ്യാറാണിയും നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാണ്. കൃഷ്ണഗിരി നിയമസഭ മണ്ഡലത്തിൽ ‘തമിഴക വാഴ്വുരിമൈ കക്ഷി’ സ്ഥാനാർഥിയായി മുത്തുലക്ഷ്മിയും മേട്ടൂർ നിയമസഭ മണ്ഡലത്തിൽ ‘നാം തമിഴർ കക്ഷി’ സ്ഥാനാർഥിയായി വിദ്യാറാണിയുമാണ് കളത്തിലിറങ്ങിയിരിക്കുന്നത്. വീരപ്പന്റെ മകളായ 35കാരി വിദ്യാറാണി അഭിഭാഷക കൂടിയാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നാം തമിഴർ കക്ഷി സ്ഥാനാർഥിയായി മത്സരിച്ച വിദ്യാറാണിക്ക് ഒരുലക്ഷത്തിൽപരം വോട്ടുകൾ ലഭിച്ചിരുന്നു. 2006ൽ സ്വതന്ത്രയായി മത്സരിച്ചശേഷം മുത്തുലക്ഷ്മി ഇപ്പോഴാണ് ജനവിധി തേടുന്നത്. നാം തമിഴർ കക്ഷിയും തമിഴക വാഴ്വുരിമൈ കക്ഷിയും ‘തമിഴ് ദേശീയത’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന കക്ഷികളാണ്.
വിദ്യാറാണി പാട്ടാളി മക്കൾ കക്ഷിയിൽ ചേർന്നാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതെങ്കിലും 2020ൽ ബി.ജെ.പിയിലും 2024 മുതൽ നാം തമിഴർ കക്ഷിയിലും ചേർന്നു. ഇരുവരുടെയും സ്ഥാനാർഥിത്വം പ്രബല സമുദായമായ വണ്ണിയർ വോട്ടുകളിലെ വിള്ളലിന് കാരണമാവുമെന്നാണ് വിലയിരുത്തൽ. ഇത് ബി.ജെ.പി-അണ്ണാ ഡി.എം.കെ-പി.എം.കെ സഖ്യത്തെയാണ് ദോഷകരമായി ബാധിക്കുക. മൂന്നാം ക്ലാസിൽ പഠിക്കവേ കർണാടക അതിർത്തിയിലെ ഗോപിനത്തത്തെ മുത്തച്ഛന്റെ വീട്ടിൽവെച്ച് ഒരുതവണ മാത്രമാണ് വിദ്യാറാണി വീരപ്പനെ നേരിൽ കണ്ടിട്ടുള്ളത്. സാഹചര്യങ്ങളുടെ സമ്മർദം മൂലമാണ് വീരപ്പൻ തെറ്റുകാരനായതെന്നും രാഷ്ട്രീയത്തിലിറങ്ങി ജനസേവനം നടത്താൻ വീരപ്പന് താൽപര്യമുണ്ടായിരുന്നതായും മുത്തുലക്ഷ്മിയും വിദ്യാറാണിയും പറയുന്നു. 2004 ഒക്ടോബർ 24നാണ് വീരപ്പൻ പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.