കോയമ്പത്തൂർ: ജയലളിതയുടെ പോയസ് ഗാർഡനിലെ ‘വേദനിലയം’ വസതിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ജയലളിത താമസിച്ചിരുന്ന ഇവിടെ സ്മാരകമാക്കുമെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് വെള്ളിയാഴ്ച രാവിലെ സുരക്ഷ പൊലീസ് ഏറ്റെടുത്തത്. ജയലളിതയുടെ മരണശേഷം ശശികല കുടുംബം ഏർപ്പെടുത്തിയ സ്വകാര്യ ഏജൻസിയുടെ സുരക്ഷയിലായിരുന്നു വസതി. ഇവരുടെ സേവനം അവസാനിപ്പിച്ച ശേഷമാണ് പൊലീസിനെ വിന്യസിച്ചത്. തോട്ടം തൊഴിലാളികളെ മാത്രമാണ് പൊലീസ് അകത്തേക്ക് കടത്തിവിട്ടത്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ജയലളിതയുടെ സഹോദരൻ ജയകുമാറിെൻറ മക്കളായ ദീപയും ദീപക്കും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, അവകാശികൾക്ക് മതിയായ നഷ്ടപരിഹാരം നൽകിയ ശേഷമേ പോയസ്ഗാർഡൻ സർക്കാർ സ്മാരകമാക്കി മാറ്റൂവെന്ന് നിയമമന്ത്രി സി.വി. ഷൺമുഖം അറിയിച്ചു. ഇതേ നിലപാട് മന്ത്രിമാരായ ഡിണ്ടുഗൽ ശ്രീനിവാസൻ, ഡി. ജയകുമാർ തുടങ്ങിയവരും ആവർത്തിച്ചു.
1967ലാണ് ജയലളിതയും മാതാവ് സന്ധ്യയും ചേർന്ന് 1.32 ലക്ഷം രൂപക്ക് 24,000 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവ് വാങ്ങിയത്. ഇതിന് 90 കോടി രൂപ വിലയുണ്ട്. ശശികല കുടുംബം ജയലളിതയോടൊപ്പം പോയസ്ഗാർഡനിൽ താമസം തുടങ്ങിയ ശേഷം ദീപയും ദീപക്കും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അടുപ്പിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.